ആലുവ: ആലുവ നഗരത്തിൽ തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. നസ്രത്ത് റോഡിലൂടെ നടന്നു വരികയായിരുന്ന സ്കൂൾ വിദ്യാർത്ഥിയ്ക്ക് ഇന്നലെ തെരുവുനായയുടെ കടിയേറ്റു. വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ കടിയേറ്റില്ല. ഈ മേഖലയിൽ തെരുവ് നായ ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പ നഗരസഭയ്ക്ക് പരാതി നൽകിയതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പെരിയാർവാലി കനാൽ, പൈപ്പ് ലൈൻ റോഡ് മേഖലകളിൽ തള്ളുന്ന മാലിന്യമാണ് തെരുവുനായകളെ ഇവിടേക്ക് ആകർഷിക്കുന്നത്. നിർമ്മാണം നിലച്ച സമീപത്തെ ജില്ലാ പഞ്ചായത്തിന്റെ വയോജന കേന്ദ്രത്തിൽ തെരുവുനായകൾ പെറ്റുപെരുകുന്നതായും പരാതിയുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ തെരുവുനായകളുടെ കടിയേറ്റ 13 പേരിൽ പെരുമ്പാവൂർ സ്വദേശി മരിച്ചിരുന്നു. ഇതിനെ തുടർന്ന് തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതി തീരുമാനിച്ചെങ്കിലും ഒരു ദിവസം മാത്രമേ നടന്നുള്ളൂ.
പെരിയാർ വാലി ജലസേചന കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
എം.പി സൈമൺ
ആരോഗ്യകാര്യ സ്ഥിരം
സമിതി അധ്യക്ഷൻ
തെരുവ് നായശല്യത്തിന് പരിഹാരമുണ്ടാക്കണം: ബിജെപി
ആലുവ: നഗരസഭയിലെ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറും കൗൺസിലർ എൻ. ശ്രീകാന്തും ആവശ്യപ്പെട്ടു. നസറത്ത് റോഡിൽ വിദ്യാധിരാജ സ്കൂളിലെ വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത് ആലുവ നഗരസഭയുടെ അനാസ്ഥയാണ്. രണ്ടു മാസം മുന്നേ പരാതി കൊടുത്തിട്ടും നഗരസഭയിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല. നഗരത്തിലെ മാലിന്യപ്രശ്നമാണ് തെരുവുനായ ശല്യം രൂക്ഷമാകുന്നതിന് കാരണം. സ്കൂളിന്റെ ഭാഗത്ത് തെരുവോരത്ത് മാലിന്യത്തിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ തിന്നാനാണ് നായകൾ കൂട്ടമായെത്തുന്നത്. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ നിസംഗത വെടിഞ്ഞ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പത്മകുമാറും ശ്രീകാന്തും ആവശ്യപ്പെട്ടു.