pv
ശിശുദിനത്തിൽ പീസ് വാലിയിലെ കുഞ്ഞുങ്ങളുടെ വേറിട്ട ആഘോഷം

കാക്കനാട്ട്: വാട്ടർ മെട്രോയിലും മെട്രോ ട്രെയിനിലും യാത്ര ചെയ്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശിശുദിനാഘോഷം. ഉപേക്ഷിക്കപെട്ട അനാഥരായ 40 ഭിന്നശേഷിക്കാരായ കുട്ടികളും അദ്ധ്യാപകരും പരിചാരകരും ഒരുമിച്ചായിരുന്നു യാത്ര. ഒന്നര വയസുകാരി ഹന്ന മേരി മുതൽ പതിന്നാലുകാരൻ ആകാശ് ഉൾപ്പെടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളിൽ പലരുടെയും ജീവിതത്തിലെ ആദ്യത്തെ വിനോദയാത്രയായിരുന്നു ഇത്. കാക്കനാട് ടെർമിനലിൽ നിന്ന് വൈറ്റില വരെ വാട്ടർ മെട്രോയിലും വൈറ്റില നിന്ന് ആലുവ വരെ മെട്രോ ട്രെയിനിലുമായിരുന്നു യാത്ര. പാട്ട് പാടിയും കഥ പറഞ്ഞും മുന്നേറിയ യാത്ര കുഞ്ഞുങ്ങൾക്ക് മികച്ച അനുഭവമായി.

ജില്ലാ സാമൂഹിക നീതി ഓഫിസർ വി.ജെ. ബിനോയ്‌ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ചലച്ചിത്ര താരവും പീസ് വാലി ഉപാദ്ധ്യക്ഷയുമായ സീമ ജി. നായർ മുഖ്യാതിഥിയായി കുഞ്ഞുങ്ങളോടൊപ്പം യാത്രയിൽ പങ്കെടുത്തു.