
കൊച്ചി: ട്രെയിൻ ടിക്കറ്റ് കൺഫേമാകാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയ സംസ്ഥാന സ്‌കൂൾ ബാഡ്മിന്റൺ ടീമിന് വിമാനത്തിൽ ഭോപ്പാലിലേക്ക് പോകാനുള്ള സൗകര്യമൊരുക്കി വിദ്യാഭ്യാസമന്ത്രി . വിദ്യാഭ്യാസമന്ത്രി ഒഡെപെക്കിന് നൽകിയ നിർദ്ദേശപ്രകാരം 15 പേർക്ക് കൊച്ചിയിൽ നിന്നും ഒമ്പത് പേർക്ക് കോഴിക്കോട് നിന്നും ടിക്കറ്റ് ബുക്ക് ചെയ്തു. മുഴുവൻ തുകയും സർക്കാർ വഹിക്കും. 20 കുട്ടികൾ, രണ്ട് ടീം മാനേജർ, ഒരു കൊച്ച് എന്നിവരാണ് പോകുന്നത്.
ഇന്നലെ ഉച്ചയ്ക്കുള്ള മംഗള എക്സ്പ്രസിലാണ് ഇവർക്ക് വെയ്‌റ്റിംഗ് ലിസ്റ്റ് ടിക്കറ്റെടുത്തിരുന്നത്. രണ്ടുപേർക്ക് മാത്രമാണ് ബർത്ത് കൺഫേമായത്.ബാക്കിയുള്ളവരോട് ഈ ട്രെയിനിൽപോകാനും കേരളം കഴിയുന്നതിന് മുമ്പ് ബർത്തുറപ്പിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും രക്ഷകർത്താക്കൾ സമ്മതിച്ചില്ല. ട്രെയിൻ സമയത്തിന് പോയപ്പോൾ പെൺകുട്ടികളടക്കമുള്ള താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ തുടർന്നു.
നവംബർ 17ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി നാളെ ഇവർക്ക് ഭോപ്പാലിൽ റിപ്പോർട്ട് ചെയ്യണം. തുടർന്ന് വിമാനയാത്രയ്ക്കുള്ള പകുതി പണം നൽകാമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചെങ്കിലും പലരുടെയും കയ്യിൽ അത്രയും പണമില്ലായിരുന്നു. ഇതറിഞ്ഞാണ് മന്ത്രി സർക്കാർ സ്ഥാപനമായ ഒഡേപെകുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് സൗകര്യമൊരുക്കിയത്.