
കൊച്ചി:സഹകരണ മേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. കേരളത്തിൽ 2.5 ലക്ഷം കോടി രൂപ സഹകരണ നിക്ഷേപമായുണ്ട്.
നിക്ഷേപകർക്ക് ആശങ്ക വേണ്ട. സഹകരണ മേഖലയിലാകെ പ്രശ്നമാണെന്ന് വരുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ തിരിച്ചറിയണം. 71-ാം സഹകരണ വാരാഘോഷം കളമശേരിയിൽ ഉൽഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അപൂർവമായി നടക്കുന്ന ക്രമക്കേടുകൾ സഹകരണ മേഖലയുടെ ഖ്യാതിക്ക് കോട്ടമുണ്ടാക്കും. ഓഡിറ്റ് നടത്താൻ ചുമതലപ്പെട്ടവർ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തിക്കണം. ക്രമക്കേടുകൾ പരിഹരിക്കാനുള്ള സംവിധാനം സർക്കാരും സഹകരണ മേഖലയും ഒരുക്കും.
സഹകരണ മേഖലയ്ക്ക് വിലക്കയറ്റം നിയന്ത്രക്കുന്നതിൽ നിർണായക പങ്കുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളും കാർഷിക ഉത്പന്നങ്ങളും സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പാർക്കുകൾ സഹകരണ മേഖലയിൽ ആരംഭിക്കും. വ്യവസായ രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തും. വ്യവസായ സഹകരണ സംഘങ്ങൾക്ക് സഹായവും ഇളവുകളും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, തുടങ്ങിയവർ പങ്കെടുത്തു.