കൊച്ചി: ക്ഷേത്രവിശ്വാസികളെ നന്മയിലേക്ക് നയിക്കുന്നവരാണ് വൈദികരെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. പ്രമുഖ വൈദികരെയും തന്ത്രിമാരെയും ആദരിക്കാൻ കൊച്ചിയിൽ കേരളകൗമുദി സംഘടിപ്പിച്ച നൈവേദ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങളിൽ പതിനായിരത്തോളം ശാന്തിക്കാർ ജോലിചെയ്യുന്നുണ്ട്. അതിന്റെ എത്രയോ മടങ്ങ് മറ്റ് ക്ഷേത്രങ്ങളിലുണ്ടാകും. സമർപ്പണംവേണ്ട ജോലിയാണ് വൈദികവൃത്തി. സമയവും കാലവും നോക്കാതെയാണ് ഇവരുടെ മഹനീയമായ പ്രവർത്തനം. അവരുടെ ബുദ്ധിമുട്ടുകൾ വിശ്വാസികളും ബോദ്ധ്യപ്പെടേണ്ടതുണ്ട്. സമൂഹത്തിൽ വൈദികർ ചെയ്യുന്ന സേവനങ്ങൾ വലിയൊരുവിഭാഗം വിശ്വാസികൾക്ക് സുരക്ഷിതത്വബോധം നൽകാനും അവരുടെ മനസിനെ കൂടുതൽ സന്തോഷത്തിലേക്ക് നയിക്കാനും ആകുലതകളിൽനിന്ന് രക്ഷിക്കാനുമാകും.
യൂറോപ്പിലെ അടിമത്തം പോലെയാണ് ഇന്ത്യയിൽ ചാതുർവർണ്യത്തിന്റെ മറവിൽ അടിമത്തം രൂപപ്പെട്ടത്. ചാതുർവർണ്യം ദൈവസൃഷ്ടമാണെന്ന് വിശ്വസിക്കുന്ന വലിയൊരുവിഭാഗവും സമൂഹത്തിൽ ഉണ്ടായിരുന്നു. ഇവർ ചിട്ടപ്പെടുത്തിയ രീതികളും വ്യാഖ്യാനവും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം നിർണയിക്കലും പലവിധ വിവേചനങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ആധുനിക കേരളത്തിൽ ഇത്തരം വിവേചനങ്ങൾക്ക് മാറ്റംവരുത്തിയാണ് ഇടതുസർക്കാർ അബ്രാഹ്മണരായ ശാന്തിക്കാരെ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നിയമിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം കൂടിയായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനായി.
കൊച്ചി നഗരസഭാ കൗൺസിലർ പത്മജ എസ്.മേനോൻ സംസാരിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ നന്ദിയും പറഞ്ഞു. സീനിയർ റിപ്പോർട്ടർ പി.എസ്. സോമനാഥൻ വൈദികശ്രേഷ്ഠരെ പരിചയപ്പെടുത്തി.
• വൈദിക ശ്രേഷ്ഠരെ ദേവസ്വംമന്ത്രി ആദരിച്ചു
വൈദിക ശ്രേഷ്ഠരായ വടക്കുംപുറം ശശിധരൻ തന്ത്രി, കെ.എൻ. രാമചന്ദ്രൻ ശാന്തി, ടി.ആർ. ശ്രീകാന്ത് തന്ത്രി, ജ്യോതിഷപണ്ഡിതൻ ഡോ.കെ. സുന്ദരം എന്നിവരെ 'നൈവേദ്യം' ചടങ്ങിന്റെ ഭാഗമായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആദരിച്ചു.