elephant

കൊച്ചി: ആഘോഷങ്ങളുടെ പേരിൽ നാട്ടാനകളെ പീഡിപ്പിക്കരുതെന്ന് ഹൈക്കോടതി. തുടർച്ചയായ യാത്രകൾക്കും പ്രദർശനങ്ങൾക്കും നിയന്ത്രണവും ഏർപ്പെടുത്തി. 24 മണിക്കൂറിൽ എട്ടു മണിക്കൂർ വിശ്രമം നൽകണം. തുടർച്ചയായി മൂന്നു മണിക്കൂറിൽ കൂടുതൽ ആനയെ പ്രദർശിപ്പിക്കരുത്. ഒരുദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനയെ നടത്തരുത്. കൂടുതൽ ദൂരമുണ്ടെങ്കിൽ വാഹനത്തിൽ കൊണ്ടുപോകണം. വാഹനത്തിൽ 125 കിലോമീറ്ററിലേറെ കൊണ്ടുപോകരുത്. ദിവസവും ആറു മണിക്കൂറിലേറെ വാഹനയാത്ര പാടില്ലെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

എഴുന്നള്ളത്തിന് വിദഗ്ദ്ധരടങ്ങുന്ന ജില്ലാ സമിതിയുടെ അനുമതി ഒരു മാസം മുമ്പ് വാങ്ങണം. ക്ഷേത്രങ്ങളിലെ സ്ഥലവും സൗകര്യവും പരിഗണിച്ചേ ആനകളുടെ എണ്ണം നിശ്ചയിക്കാവൂ. പൊതുവഴിയിലൂടെ രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടയിൽ ആനയുമായി ഘോഷയാത്ര നടത്തരുത്. നാട്ടാനകളുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഉത്തരവ്.

ഘോഷയാത്രകളിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലമുണ്ടാവണം. മേളക്കാരിൽ നിന്ന് എട്ടും തീവെട്ടിയിൽ നിന്ന് അഞ്ചും മീറ്റർ അകലമുണ്ടാകണം. ആനകളും ജനങ്ങളും തമ്മിൽ 100 മീറ്റർ അകലവും ഇടയിൽ ബാരിക്കേഡുമുണ്ടാവണം. കരിമരുന്ന് പ്രയോഗത്തിൽ നിന്ന് 100 മീറ്റർ അകലം പാലിക്കണം. പോളണ്ടിലെ മനുഷ്യരെ ഉന്മൂലനം ചെയ്യാനുള്ള നാസികളുടെ 'ട്രെബ്ലിങ്ക" ക്യാമ്പിൽ അകപ്പെട്ട അവസ്ഥയാണ് നാട്ടാനകളുടേത്. മാതാചാരങ്ങൾക്ക് ആനകൾ വേണമെന്നില്ലെന്നും കോടതി പറഞ്ഞു.

ആനകൾക്ക് എട്ടു മണിക്കൂർ വിശ്രമം
 ആനകളുടെ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടരുത്. സ്പീഡ് ഗവർണർ ഉണ്ടായിരിക്കണം.
 അനിഷ്ടം കാണിക്കുന്ന ആനകളെ നിയന്ത്രിക്കാൻ മനുഷ്യത്വരഹിതമായ മുറകൾ സ്വീകരിക്കരുത്.
 രാത്രി പത്തിനും പുലർച്ചെ നാലിനും ഇടയിൽ യാത്ര ചെയ്യിക്കരുത്. അനുയോജ്യ സ്ഥലത്ത് ചങ്ങലയ്ക്കിടണം
 വെയിലത്ത് നിറുത്തരുത്, ഭക്ഷണവും വെള്ളവും ഉറപ്പാക്കണം
 അടിയന്തര സാഹചര്യത്തിൽ ആനകളെ മാറ്റാൻ സൗകര്യമൊരുക്കണം