y

തൃപ്പൂണിത്തുറ: പൂത്തോട്ട പാലത്തിൽ ലോറികൾ കൂട്ടിയിടിച്ചതിനെ തുടർന്ന് വൈക്കം - പൂത്തോട്ട റൂട്ടിൽ വാഹനഗതാഗതം മണിക്കൂറുകളോളം പൂർണമായും തടസപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം. പൂത്തോട്ട പാലത്തിന്റെ കയറ്റത്തിൽ വച്ച് തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തിയ കണ്ടെയ്നർ ലോറി വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേയ്ക്കുവന്ന ടിപ്പറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ടൈലുകൾ കയറ്റി വേഗതയിലെത്തിയ കണ്ടെയ്നർ ലോറി പാലത്തിന്റെ തുടക്കത്തിലെ കട്ടിംഗിൽ നിയന്ത്രണംതെറ്റി എതിരെവന്ന ടിപ്പർ ലോറിയിലിടിച്ചശേഷം ലോറിയെ തള്ളിനീക്കി പാലത്തിന്റെ മദ്ധ്യഭാഗത്തെത്തിക്കുകയായിരുന്നു.

വാഹനഗതാഗതം പൂർണമായി തടസപ്പെട്ടതിനാൽ വൈക്കത്തേയ്ക്കുള്ള വാഹനങ്ങളും എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങളും കാഞ്ഞിരമറ്റം മില്ലുങ്കൽ വഴിയാണ് കടത്തിവിട്ടത്. ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 8 മണിയോടെ ക്രെയിൻ എത്തിച്ചെങ്കിലും വാഹനങ്ങൾ പാലത്തിന്റെ മദ്ധ്യഭാഗത്തായതിനാലും കണ്ടെയ്നർ ലോറിനിറയെ ടൈലുകളായതിനാലും വാഹനങ്ങൾ പൊക്കിമാറ്റുന്നതിന് ബുദ്ധിമുട്ടായി. ചരിഞ്ഞുകിടന്ന ടിപ്പർലോറി അല്പം നേരെയാക്കിയാണ് ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ടത്. ഉച്ചയോടെ ടിപ്പർലോറി ക്രെയിനിന്റെ സഹായത്തോടെ കാട്ടിക്കുന്ന് ഭാഗത്തേയ്ക്ക് മാറ്റിയശേഷം കാറുൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്തുകൂടി കടത്തിവിട്ടു. പിന്നീട് കണ്ടെയ്നർ ലോറി പാലത്തിൽനിന്ന് മാറ്റിയശേഷം വൈകിട്ട് അഞ്ചോടെയാണ് ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചത്.