
കൊച്ചി: 24 മണിക്കൂറും സ്ത്രീകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന നഗരമായി കൊച്ചിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ മൊബിലൈസ് ഹെർ പദ്ധതിക്ക് കൊച്ചി കോർപ്പറേഷൻ തുടക്കം കുറിക്കുന്നു. യൂറോപ്യൻ യൂണിയന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സിഹെഡ്, സി.പി.പി.ആറും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. പുരുഷന്മാരുടേതിൽനിന്ന്
വ്യത്യസ്തമാണ് സ്ത്രീകളുടെ യാത്രാരീതികൾ. ഇതുൾക്കൊള്ളുന്ന തരത്തിലല്ല നിലവിലെ ഗതാഗത സംവിധാനങ്ങൾ.
സ്ത്രീകളുടെ സുരക്ഷയ്ക്കും ഏതുസമയത്തും സ്ത്രീകൾക്ക് ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാവുന്നതുമായ തരത്തിലാണ് പദ്ധതി ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ച തുടങ്ങി. ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന് കൊച്ചിയെ പ്രതിനിധീകരിച്ച് സംഘടനകൾ, ആസൂത്രണ വിഭാഗങ്ങൾ, കൊച്ചി മെട്രോ, സ്മാർട്ട്സിറ്റി മിഷൻ, റീജണൽ ടൗൺ പ്ലാനർ, റെസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടന, എഡ്രാക് തുടങ്ങിയ 25ഓളം വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കും.
സ്വതന്ത്ര സഞ്ചാരത്തിന് നിർദ്ദേശങ്ങളുമായി മേയർ
ഏത് സമയത്തും സ്ത്രീകൾക്ക് ജോലിചെയ്യാനും യാത്ര ചെയ്യാനുമാകണം. ഇതിന് രാത്രികാലങ്ങളിലടക്കം പൊതുഗതാഗതത്തിൽ സ്ത്രീസാന്നിദ്ധ്യം ഉണ്ടാവണം. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാൻ നഗരത്തിലെ ഗതാഗത സംവിധാനത്തിന് കഴിയുന്നുണ്ടോയെന്നും വിലയിരുത്തും. പദ്ധതി തയ്യാറാക്കിയാൽ യൂറോപ്യൻ യൂണിയന്റെ ഉൾപ്പെടെ ഫണ്ട് ലഭ്യമായേക്കും. പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീകളുടെ പങ്ക് ഉറപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മേയർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
#പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം ഉയർത്തണം. കെ.എം.ആർ.എൽ ഉൾപ്പെടെ കുടുംബശ്രീ ജീവനക്കാരോട് ഉദാരമായ സമീപനം സ്വീകരിക്കണം. കൂടുതൽ ശമ്പളവും മാന്യമായി ജോലിചെയ്യാനുള്ള സാഹചര്യവും ഒരുക്കണം
# ഏത് സമയത്തും സ്ത്രീകൾ സുരക്ഷിതമാണെന്ന ഉറപ്പിലേക്ക് സമൂഹം മാറണം. പൊലീസിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കണം.
#വൈറ്റില കേന്ദ്രീകരിച്ച് കൊച്ചി കോർപ്പറേഷൻ തയ്യാറാക്കുന്ന ലോക്കൽ ഏരിയ പ്ലാനിൽ സ്ത്രീപക്ഷ നിലപാടുകൾ ഉൾപ്പെടുത്തണം
#സാധാരണക്കാരായ സ്ത്രീകളോട് സംവദിക്കാൻ പദ്ധതിയിലൂടെ കഴിയണം
# എന്താണ് സ്ത്രീകളുടെ പ്രശ്നങ്ങളെന്നും എങ്ങനെയുള്ള ഗതാഗത സംവിധാനമാണ് കൂടുതൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നും അറിയണം
സ്ത്രീകളോടുള്ള സമൂഹത്തിന്റെ ധാരണ മാറണം. അവർക്ക് സുഗമമായ യാത്ര ഒരുക്കണം. പദ്ധതി തയ്യാറാക്കിയാൽ 24 മണിക്കൂറും സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നഗരമായി കൊച്ചി മാറും.
അഡ്വ. എം. അനിൽകുമാർ
മേയർ