
നാളെ അപസ്മാര ബോധവത്കരണ ദിനം
കൊച്ചി: ഇന്ത്യയിൽ അപസ്‌മാര രോഗികൾ 12 ദശലക്ഷമായി വർദ്ധിച്ചെങ്കിലും പകുതിപ്പേരിലും രോഗകാരണം കണ്ടെത്താൻ വിദഗ്ദ്ധർക്ക് കഴിയുന്നില്ല. ജനിച്ച് 24 മണിക്കൂറിനകം പോലും രോഗം ബാധിച്ചേക്കാം. തലച്ചോറിനെ ബാധിക്കുന്നതാണ് അപസ്‌മാരം. തലച്ചോറിലെ കോശങ്ങൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതിതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസമാണ് പ്രായലിംഗ ഭേദമില്ലാതെ ബാധിക്കുന്ന ഈ രോഗം. ഫോക്കൽ ഓൺസെറ്റ്, ജനറലൈസ്ഡ് ഓൺസെറ്റ്, അൺനോൺ ഓൺസെറ്റ് എന്നിങ്ങനെ വിവിധ തരത്തിൽ അപസ്മാരമുണ്ട്. മരുന്നു മുതൽ ശസ്ത്രക്രിയ വരെ ചികിത്സയും നിലവിലുണ്ട്. മതിയായ ഉറക്കമില്ലായ്‌മ, അതികഠിനമായ പനി, മുഖത്തേക്ക് കാഠിന്യമേറിയ വെളിച്ചം പെട്ടെന്നടിക്കുന്നത്, ഭക്ഷണം ശരിയാകാതിരിക്കുക, മരുന്നുകളുടെ പാർശ്വഫലം എന്നിവ പെട്ടെന്നുള്ള അപസ്മാരത്തിന് തുടക്കമിട്ടേക്കാം. ചികിത്സ കൊണ്ട് രോഗം മാറും വരെ അപസ്മാര ബാധിതർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഒക്യുപേഷണൽ തെറാപ്പി സഹായിക്കും.
പ്രധാന കാരണങ്ങൾ
തലച്ചോറിലെ ഘടനയിലുണ്ടാകുന്ന തകരാർ
പാരമ്പര്യം വഴി
തലച്ചോറിലുണ്ടാകുന്ന അണുബാധ
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയവയിലെ വ്യതിയാനം
പ്രധാന ലക്ഷണങ്ങൾ
ശൂന്യമായ നോട്ടം
ആശയക്കുഴപ്പം
കൈകാലുകളിൽ വിറ
ബോധം നഷ്ടപ്പെടുക
ശരീരം കോച്ചിവലിയ്ക്കുക
വായിൽ നിന്ന് നുരയും പതയും വരിക
പഠനവൈകല്യം
ഓർമ്മക്കുറവ്
ശ്രദ്ധക്കുറവ്
സ്വഭാവത്തിലെ മാറ്റങ്ങൾ
ഒക്യുപേഷണൽ തെറാപ്പി
ഫൈൻ മോട്ടാർ സ്‌കിൽ മെച്ചപ്പെടുത്തുന്നു
സെൻസറി പ്രശ്‌നങ്ങൾ ഭേദപ്പെടുത്തുന്നു
സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നു
മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നു
വളർച്ചയുടെ ഘട്ടങ്ങളിലും മുതിർന്നതിന് ശേഷവും ഒക്യുപേഷണൽ തെറാപ്പി നൽകാം. രോഗം എത്രയും നേരത്തെ കണ്ടെത്തുന്നതും ഇടപെടലുകൾ നടത്തുന്നതും പ്രധാനമാണ്. ഡോക്ടറുമായി ചർച്ച ചെയ്ത് തെറാപ്പി എടുക്കുന്നതാണ് അഭികാമ്യം.
അനഘ പിഷാരടി
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്
പ്രയത്‌ന, കൊച്ചി