y

തൃപ്പൂണിത്തുറ: ജില്ലയിലെ അന്താരാഷ്ട്ര നിലവാരമെന്ന് അധികൃത‍ർ പൊങ്ങച്ചം പറയുന്ന ഗവ. മോഡൽ നഴ്സറി നേരിടുന്നത് അടിമുടി അവഗണന. കിൻഡർ ഗാർട്ടൻ മുതൽ പ്രീ പ്രൈമറി വരെയുള്ള ക്ലാസുകളിലുള്ള 42 കുട്ടികളും ഒരു അദ്ധ്യാപികയുമുണ്ട്. പി.ടി.എ ഏർപ്പാടാക്കിയ മറ്റൊരു അദ്ധ്യാപികയും കൂടെയുണ്ട്. അദ്ധ്യാപനത്തിലും പുതിയ അഡ്മിഷനിലും മികവ് പുല‍ർത്തുമ്പോഴാണ് കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ആയേക്കാവുന്ന കാര്യങ്ങളിലടക്കം അധികൃതർ അലസത കാട്ടുന്നത്.

തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്കൂൾ വളപ്പിലാണ് ഗവ. മോഡൽ നഴ്സറിയും സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഭീഷണിയായി കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന വൻമരം നിരവധി പരാതികൾക്കൊടുവിൽ 2 വർഷം മുമ്പാണ് മുറിച്ച്‌ മാറ്റിയത്. വെട്ടുന്നതിനിടെ മരത്തടി വീണ് കെട്ടിടത്തിന്റെ ചുമരുകൾക്ക് വലിയ വിള്ളലുകളുണ്ടായിരുന്നു. എന്നാൽ,​ കാലമിത്രയായിട്ടും വിള്ളലുകൾ അടയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വിള്ളലുള്ള ഭാഗത്തെ ക്ലാസ്‌മുറികളിൽ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കാതിരിക്കുകയാണ് പേടിച്ചിട്ട് അദ്ധ്യാപകർ. അന്ന് മുറിച്ച മരത്തടികൾ ഇന്നും നീക്കം ചെയ്തിട്ടില്ല. അവിടെ തുടങ്ങുന്ന സ്കൂളിന്റെ പ്രശ്നങ്ങൾ. കുട്ടികൾക്ക് മതിയായ സുരക്ഷയില്ലെന്ന പരാതിക്കിടെയാണ് ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്കളുടെ കുട്ടികളെ സംരക്ഷിക്കാനുള്ള കൈക്കുടന്ന എന്ന പദ്ധതി കൂടി ഈ സ്കൂളിൽ നടപ്പിലാക്കാൻ നഗരസഭ ആലോചിക്കുന്നത്.

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം

നൂറു മീറ്ററോളം നീളത്തിൽ കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങൾ കാണാൻ കഴിയാത്തവിധം ആ ഭാഗം കാടുകയറുകയും ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറുകയും ചെയ്തു. ഉഗ്രവിഷമുള്ള ഇഴജന്തുക്കൾ ഉൾപ്പടെയുള്ളവ സ്കൂളിന്റെ ചവിട്ട് പടികളിലും പരിസരത്തും സ്വൈര്യ വിഹാരം നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇവയുടെ ശല്യം ഭയന്ന് അദ്ധ്യാപകർ കുട്ടികളെ പുറത്തേക്ക് കളിക്കാൻ പോലും വിടാറില്ല. ജനലുകളും തുറക്കാറില്ല. മരത്തടികൾ നീക്കം ചെയ്യാനും പരിസരം വൃത്തിയാക്കാനും സ്കൂളിലെ മുൻ പി.ടി.എ അംഗങ്ങളുടെ നേതൃത്വത്തിൽ നഗരസഭ അധികൃതർക്കും ആരോഗ്യ വകുപ്പിനും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

1. പുതിയ നിയമനം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയെങ്കിലും അനുകൂലമായ പ്രതികരണമില്ല.

2. അന്താരാഷ്ട്ര നിലവാരമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രൊജക്ടിൽ നിഷ്കർഷിച്ച സ്മാർട്ട് ക്ലാസ് ഇന്നേവരെ തയ്യാറാക്കിയിട്ടില്ല. ഇതിനായി പ്ലാൻ ചെയ്ത മുറിയിൽ കുട്ടികളുടെ കളി സാധനങ്ങൾ നിറച്ചിരിക്കുകയാണ്.

3. അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തതിനാൽ കളിസ്ഥലങ്ങൾ കാടുകയറി,​ സീസോ, ഊഞ്ഞാൽ തുടങ്ങിയവ തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി.

4. സ്കൂളിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ജൈവമാലിന്യ സംസ്കരണ യൂണിറ്റിൽ നിന്നുള്ള ദുർഗന്ധം വിദ്യാർത്ഥികളെ അലോസരപ്പെടുത്തുന്നുമുണ്ട്.

വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും പിന്നീട് പരിപാലനം നടത്താതെ നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയാണ് തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണ രീതി.

പി.കെ. പീതാംബരൻ

ബി.ജെ.പി പാർലിമെന്ററി പാർട്ടി നേതാവ്

തൃപ്പൂണിത്തുറ നഗരസഭ