കൊച്ചി: ശബരിമല തീർത്ഥാടനത്തിനുള്ള ബസുകൾക്കെല്ലാം ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ 383 ബസുകളെത്തും. 628 ജീവനക്കാരുണ്ടാകും. രണ്ടാംഘട്ടത്തിൽ 550 ബസുകളും 728 ജീവനക്കാരുമുണ്ടാകും. ഇതിന്റെ വിശദാംശം കെ.എസ്.ആർ.ടി.സിയുടെ പമ്പ സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് സഹിതം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും.
ഇത്രയും ജീവനക്കാർക്ക് താമസസൗകര്യമടക്കമുള്ള കാര്യങ്ങൾ പരിമിതമാണെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ ദീപു തങ്കൻ ബോധിപ്പിച്ചു. ശബരിമലയിലെ പ്രത്യേക സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ജീവനക്കാർ അങ്ങനെതന്നെയല്ലേ സേവനമനുഷ്ഠിക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലടക്കം കച്ചവടക്കാരും മറ്റും തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടാവരുതെന്ന് കോടതി പറഞ്ഞു.
ഫിറ്റ്‌നസില്ലാത്ത ഒരു ബസ് പോലും ശബരിമലയിൽ ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു.
എലവുങ്കലിൽ നമ്പർപ്ലേറ്റ് ഡിറ്റക്ടിംഗ് ക്യാമറകൾ
സുരക്ഷ കണക്കിലെടുത്ത് ഗതാഗതമേഖലയിലടക്കം നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എലവുങ്കലിൽ സി.സി ടിവി ക്യാമറകൾക്കു പുറമേ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഡിറ്റക്ടിംഗ് ക്യാമറകൾ സ്ഥാപിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സൈൻബോർഡുകൾ, റിഫ്ളക്ടറുകൾ, ഹെൽപ്പ് ലൈൻ നമ്പരുകൾ രേഖപ്പെടുത്തിയ ബോർഡുകൾ എന്നി സ്ഥാപിച്ചു. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. റിക്കവറി വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്കു പുറമേ ടെക്‌നീഷ്യൻമാരുടെ സേവനവും സ്‌പെയർപാർട്‌സുകളുടെ ലഭ്യതയും ഉറപ്പാക്കി. അപകടസാദ്ധ്യതയുള്ള മേഖലകളിൽ മുൻകരുതലുമെടുത്തു.
ആദ്യഘട്ടത്തിൽ 383 ബസ്
ലോഫ്ളോർ നോൺ എ.സി-120
വോൾവോ നോൺ എ.സി-55
ഫാസ്റ്റ് പാസഞ്ചർ- 122
സൂപ്പർ ഫാസ്റ്റ്-58
ഡീലക്‌സ്-15
ഇന്റർസ്റ്റേറ്റ് സൂപ്പർ എക്‌സ്‌പ്രസ്-10
മെയിന്റനൻസ് വാഹനം-3
ഡ്രൈവർ-300
കണ്ടക്ടർ-200
ഇൻസ്‌പെക്ടർ-35
മെക്കാനിക്ക്-65
ഓഫീസ് ജീവനക്കാർ-10
സെക്യൂരിറ്റി-താത്കാലിക ജീവനക്കാർ-18