photo

വൈപ്പിൻ: ഗോശ്രീ പാലങ്ങൾ തുറന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നഗര പ്രവേശനം അസാദ്ധ്യമായ വൈപ്പിൻ ബസുകൾക്ക് ഇനി നഗരത്തിൽ സർവീസ് നടത്താം.

വൈപ്പിൻ മേഖലയിൽ നിന്ന് എറണാകുളത്തേക്ക് മൂന്ന് ഗോശ്രീ പാലങ്ങൾ വഴിയുള്ള സർവീസാണ് നീട്ടിയത്. കഴിഞ്ഞ ദിവസം കൂടിയ ആർ.ടി.എ ബോർഡ് യോഗത്തിൽ ബസുകൾക്ക് വൈറ്റില വരെ സർവീസ് നടത്തുന്നതിന് പെർമിറ്റ് അനുവദിച്ചു.

24 അപേക്ഷകൾ ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും അവയിൽ 4 അപേക്ഷകർ മാത്രമാണ് ബസുടമകൾ. മറ്റുള്ളവരുടെ അപേക്ഷകൾ അവർ സ്വന്തം പേരിൽ ബസ് വാങ്ങിയതിനു ശേഷമേ പരിഗണിക്കാവൂവെന്ന നിലപാടിലാണ് അധികൃതർ.
എടവനക്കാട്, ഞാറക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് പെർമിറ്റ് നൽകുന്നത്. സിറ്റി സർവീസിലേക്ക് 25 കിലോമീറ്ററിൽ കൂടുതൽ ഓവർലാപ്പിംഗ് അനുവദിക്കാനാവില്ലെന്ന ചട്ടം അനുസരിച്ചാണ് പറവൂർ, മുനമ്പം എന്നിവിടങ്ങളിൽ നിന്നുളള ബസുക്കൾക്ക് നഗരപ്രവേശം അനുവദിക്കാത്തത്.
ഭാഗികമായെങ്കിലും നഗരപ്രവേശം അനുവദിക്കപ്പെട്ടതിൽ വൈപ്പിൻ നിവാസികൾ സന്തോഷത്തിലാണ്.

 ആഹ്ലാദ പ്രകടനം നടത്തി

ഒട്ടേറെ സമരങ്ങൾ നടത്തിയ വൈപ്പിൻ കരയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാഗ് നഗരത്തിൽ ആഹ്‌ളാദപ്രകടനവും മധുരപലഹാരവിതരണവും നടത്തി. പ്രസിഡന്റ് അഡ്വ.സാബു, ജനറൽ സെക്രട്ടറി അനിൽ പ്‌ളാവിയൻസ്, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി. നിരവധി സമരങ്ങൾക്ക് ശേഷമാണ് താത്കാലികമായെങ്കിലും ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം ലഭിച്ചത്.
തുടർന്നുളള ആർ.ടി.ഒ ബോർഡ് യോഗങ്ങളിൽ കൂടുതൽ ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കുമെന്നാണ് പ്രതീക്ഷ

പി.കെ. ലനിൻ

പ്രസിഡന്റ്

ബസ് ഓണേഴ്‌സ് അസോസിയേഷൻ

 ഓവർലാപ്പിംഗ് ഒഴിവാക്കണം

ഓവർലാപ്പിംഗ് നിയന്ത്രണം ഒഴിവാക്കിയാൽ മുഴുവൻ ബസുകൾക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്താനാവും. ഇപ്പോൾ വൈറ്റിലയിലേക്ക് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. കലൂർ, കാക്കനാട്, തേവര ഭാഗങ്ങളിലേക്കും വൈപ്പിൻ ബസുകളുടെ സർവീസ് നീട്ടേണ്ടതുണ്ട്.
 24 അപേക്ഷകൾ

 4 എണ്ണം പരിഗണിച്ചു

 വൈറ്റില ഹബ് വരെ സർവീസ്