
മൂവാറ്രുപുഴ: വളക്കുഴി ഡമ്പിംഗ് യാർഡിനെതിരായി പ്രദേശ വാസികളുടെ സമരം ശക്തമാവുന്നു. ദുരിതം അനുഭവിക്കുന്ന നാട്ടുകാർ മാലിന്യ വാഹനങ്ങൾ തടയുന്നതോടോപ്പം നഗരസഭാ അധികൃതർക്ക് മുന്നറിയിപ്പ് നൽകി പന്തംകൊളുത്തി പ്രകടനം നടത്തി. സമരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും കുട്ടികളുമടക്കം തീപന്തവുമേന്തി പ്രകടനത്തിൽ അണിനിരന്നു. പരിസരവാസികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനീകരമായിരിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ കടാതി കേന്ദ്രീകൃത ഡമ്പിംഗ് യാർഡും ജൈവ മാലിന്യ സംസ്കരണ കേന്ദ്രവും അടച്ചുപൂട്ടുകയെന്ന ആവശ്യമുന്നയിച്ച് ജനകീയ സമിതി നടത്തുന്ന ഡമ്പിംഗ് യാർഡ് ഉപരോധം ഏഴ് ദിവസം പൂർത്തീകരിച്ചു.
പരിസരം മലിനീകരണം രൂക്ഷം
പരിസത്തെ കിണറുകളിലെ വെള്ളം മലിനമായി തുടങ്ങി. ഡമ്പിംഗ് യാർഡിലെ വേസ്റ്റുകൾ പക്ഷികളും തെരുവുനായക്കളും കടിച്ചെടുത്തു പരിസരത്തെ റോഡുകളിലും വീടുകളിലും നിക്ഷേപിക്കുകയാണ്. ഒപ്പം കൊതുക്, ഈച്ച എന്നിവയുടെ ശല്യം സഹിക്കാൻ വയ്യാതയായി വീട്ടമ്മയായ കുസുമം സാബുപറയുന്നു.
നിശായോഗം നടന്നു
കണ്ടം ചിറയ്ക്ക് സമീപം നിന്ന് ആരംഭിച്ച പ്രകടനം കടാതി ഓൾഡ് ഫയർ സ്റ്റേഷൻ ജംഗ്ഷനിലെത്തി ഡമ്പിംഗ് യാർഡ്പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന നിശാ യോഗത്തിൽ കെ.കെ കുട്ടപ്പൻ ,കെ. ബാബു, കെ.എൻ. രാജൻ, കുസുമം സാബു , മായാ എൽദോസ്, ദീപാ സാജു, ഷിജശ്രീജി ,കെ.ആർ. രമേശ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ഒക്ടോബർ 10ന് നൽകിയ അവകാശപത്രികയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളോട് നഗരസഭ അധികൃതർ അനുവർത്തിക്കുന്ന അവഗണനയ്ക്കും ധിക്കാരപൂർവവുമായ സമീപനത്തിനും എതിരെയാണ് ജനകീയ സമിതിയുടെ സമരം.