പെരുമ്പാവൂർ: ശബരി റെയിൽപാത ഭൂവുടമകൾക്കെതിരായ ബാങ്കുകളുടെ ജപ്തിനടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ശബരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഇരുപത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോഴും ഒരോരോ കാരണങ്ങൾ പറഞ്ഞ് കേന്ദ്രവും സംസ്ഥാനവും ശബരി റെയിൽ പദ്ധതി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. ഒടുവിൽ , കിഫ്ബി വ്യവസ്ഥ സംസ്ഥാനം ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നു. ഇത് വീണ്ടും കാലതാമസത്തിന് വഴിയൊരുക്കും.ഈ സാഹചര്യത്തിൽ ഭൂമി വില്ക്കാനോ പണയപ്പെടുത്താനോ കഴിയാതെ കടക്കെണിയിൽപ്പെട്ട് ദുരിതത്തിലായവർക്കെതിരായ ജപ്തിനടപടികൾ നിർത്തിവയ്ക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഗോപാലൻ വെണ്ടുവഴി, വിശ്വനാഥൻ നായർ, മുഹമ്മദ് കുഞ്ഞ് കുറുപ്പാലി എന്നിവർ യോഗത്തിൽ സംസാരിച്ചു.