
കൊച്ചി: അയൽജില്ലകളെ വിറപ്പിച്ച കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം ജില്ലയിലും തിരിച്ചറിഞ്ഞു. വ്യാപക അന്വേഷണം ആരംഭിച്ച പൊലീസ്, രാത്രികാല നിരീക്ഷണം കടുപ്പിച്ചു. വടക്കൻ പറവൂർ കുമാരമംഗലത്ത് അഞ്ച് വീടുകളിലാണ് സംഘം കവർച്ചയ്ക്ക് തയ്യാറെടുത്ത് എത്തിയത്. ശബ്ദംകേട്ട് പുറത്തിറങ്ങിയ തദ്ദേശവാസി മോഷ്ടാക്കളെ കണ്ടു. രണ്ടംഗ കുറവാ സംഘാംഗങ്ങൾ ഓടിപ്പോകുന്ന ദൃശ്യം സി.സി.ടിവിയിൽ നിന്ന് ലഭിച്ചു. വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല.
കേസ് എടുത്തിട്ടില്ലെങ്കിലും വിശദമായ അന്വേഷണത്തിന് റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർദ്ദേശം നൽകുകയായിരുന്നു. മുനമ്പം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴയിൽ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നിൽ കുറുവാ സംഘമെന്നാണ് വിലയിരുത്തൽ. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിൽ നടന്നത്. ഈ കവർച്ചകളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കൻ പറവൂരിലും കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. മതിൽചാടിക്കടന്നെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. കുറുവ സംഘത്തിൽ പെട്ടവരാണോ ഇവരെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സമാനശരീര പ്രകൃതമുള്ള മോഷ്ടക്കാളെയും സംശയിക്കുന്നുണ്ട്.
അതിർത്തി കടന്നെത്തിയവർ
പകൽ ആക്രിപെറുക്കിയും വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുത്തും സ്ഥലങ്ങളെല്ലാം നിരീക്ഷിച്ച് കുറുവാ സംഘം രാത്രിയാണ് മോഷണം നടത്തുക. 2021ൽ 75ഓളം പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
പറവൂരിൽ അഞ്ചിലധികം വീടുകളിൽ മോഷണശ്രമം
പറവൂർ: ബുധനാഴ്ച പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണസംഘം ചേന്ദമംഗലം പാലത്തിന് സമീപത്തുള്ള കരിമ്പാടം, കുമാരമംഗലം, തൂയിത്തറ എന്നീ പ്രദേശങ്ങളിൽ എത്തിയത്. കരിമ്പാടത്തെ ഒരു വീട്ടുകാർ വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കിയിരുന്നു. രണ്ട് പേർ വീതമുള്ള സംഘമാണ് സി.സി ടിവി ദൃശ്യങ്ങളിൽ. ഒരേ ആളുകൾ തന്നെയാണോയെന്ന് വ്യക്തമല്ല. മുഖംമൂടി ധരിച്ച് കൈയിൽ ആയുധങ്ങളുമായി വീടുകളുടെ പിന്നിലെ വാതിലുകൾ തുറക്കാനാണ് ശ്രമിച്ചത്. ഒരു വീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്. വീടുകളിൽ പുറത്തിട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് സംഘം മുഖം മറച്ചത്. പൊലീസ് പട്രോളിംഗ് ശക്തമാക്കി.