ashoka-ground

ആലുവ: മിച്ചഭൂമിയായ അശോക ഗ്രൗണ്ട് ലൈഫ് ഭവന പദ്ധതിയ്ക്കായി വിനിയോഗിക്കണമെന്ന സർക്കാർ നിർദേശം വൈകുന്നതിനെതിരെ ലാൻഡ് ബോർഡ് വീണ്ടും ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഭൂരഹിതർക്ക് മിച്ചഭൂമി അടിയന്തരമായി പതിച്ചു നൽകണമെന്നാണ് ലാൻഡ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി പട്ടികയിലുള്ള കുടുംബങ്ങളിൽ ഭൂരഹിതരായവർക്ക് അശോക ഗ്രൗണ്ട് നൽകാനാണ് നിർദേശം. 32 വർഷം മുമ്പ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ അനുവദിച്ച സ്ഥലമാണിത്.

വീട് നഷ്ടപ്പെട്ട 104 കുടുംബങ്ങളിൽ 32 കുടുംബങ്ങളെയാണ് അശോകപുരത്ത് പുനരധിവസിപ്പിച്ചത്. ഇതിൽ ബാക്കി സ്ഥലമാണ് അശോക ഗ്രൗണ്ട് എന്ന പേരിൽ അറിയപ്പെട്ടത്. അശോക ടെക്സ്റ്റൈൽസ് സമീപത്തായി പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ഗ്രൗണ്ടിന് ഈ പേര് വന്നത്.

ഒരേക്കർ അഞ്ച് സെന്റ് വിസ്തൃതിയുളള അശോക ഗ്രൗണ്ട് കളിസ്ഥലമാക്കി ഉപയോഗിക്കാൻ ലഭ്യമാക്കണമെന്ന് മാറിമാറി വരുന്ന സർക്കാരുകളോട് ചൂർണിക്കര പഞ്ചായത്തിന് ആവശ്യപ്പെട്ടെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിട്ടില്ല.
എന്നാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ കൊടികുത്തിമല ഒമ്പതാം വാർഡിൽ 52 സെന്റ് കളിസ്ഥലം പഞ്ചായത്തിന് സ്വന്തമായുണ്ട്. അതിനാൽ അശോക ഗ്രൗണ്ട് ലൈഫ് അപേക്ഷകർക്ക് അനുവദിക്കണമെന്ന് ലൈഫ് പദ്ധതി ആക്ഷൻ കമ്മിറ്റി കൺവീനർ നാരായണൻ കുട്ടി ആവശ്യപ്പെട്ടു.

അതേ സമയം അവസാനവട്ട സർവേ നടത്താനുള്ള നടപടിക്രമങ്ങൾ ആലുവ താലൂക്ക് ഓഫീസ് ആരംഭിച്ചു. നേരത്തേ നടത്തിയ സർവേ വിലയിരുത്തിയാണ് വീണ്ടും സർവേ നടത്തുന്നത്. പാർപ്പിട പദ്ധതിക്ക് സ്ഥലം കളക്ടർക്ക് കൈമാറാനാകുമെന്ന് താലൂക്ക് തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ് ആക്ഷൻ കൗൺസിലിനെ അറിയിച്ചു.