ആലുവ: എടത്തല ഡിഫെൻന്റേഴ്‌സ് സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ ആലുവ നജാത്ത് ആശുപത്രി പരിക്കിൽ നിന്ന് വിജയത്തിലേക്ക് എന്ന സന്ദേശത്തിൽ ഫിറ്റ്നസ് ഫുട്ബാൾ ടൂർണമെന്റ് നടത്തും. നജാത്ത് ആശുപത്രിയിൽ ലിഗ്മെന്റ് സർജറി ചെയ്ത എട്ടുമാസം കഴിഞ്ഞ ഫുട്ബാൾ താരങ്ങൾക്ക് വേണ്ടിയാണ് ടൂർണമെന്റ്. 17ന് വൈകിട്ട് നാലിന് എടത്തല പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഹർഷൻ പി.ആർ. ഉദ്ഘാടനം ചെയ്യും. പരിക്കേറ്റും സർജറി കഴിഞ്ഞും കളിക്കളം വിട്ടു നിൽക്കുന്നവർക്കും മത്സരം തുടരുന്നതിനുള്ള പ്രചോദനമായിട്ടാണ് ഫിറ്റ്നസ് ടൂർണമെന്റ് നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്പോർട്സ് ഇഞ്ചുറി സർജറി വിദഗ്ദ്ധനായ ഡോക്ടർ മുഹമ്മദ് റിയാദിന്റെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധനയ്ക്കു ശേഷമായിരിക്കും കളിക്കാരെ ഗ്രൗണ്ടിൽ ഇറക്കുന്നത്. വിശിഷ്ടാതിഥികളായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം.പി. കലാധരൻ, ഡോ.എം അബ്ബാസ്, ഡോ. മുഹമ്മദ് റിയാദ്, ഡോ. മൊഹിയുദ്ധീൻ ഹിജാസ്, മുഹമ്മദ് നസീർ, മുഹമ്മദ് ഹക്കീം, നവാസ്, മുഹമ്മദ് ഇർഫാൻ എന്നിവർ പങ്കെടുക്കും.