ഇടപ്പള്ളി: അഞ്ചുമന ദേവീക്ഷേത്രത്തിൽ ഡിസംബർ 22 മുതൽ 26 വരെ നടക്കുന്ന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 41 ദിവസം നീളുന്ന പുറപ്പറ എഴുന്നള്ളിപ്പ് ഇന്ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.

ഉച്ചപ്പൂജയ്ക്കുശേഷം അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്ന് വാളും ചിലമ്പും ഭദ്രകാളി ക്ഷേത്രത്തിലേയ്ക്കും ഭുവനേശ്വരി ക്ഷേത്രത്തിലേയ്ക്കും എഴുന്നള്ളിച്ച് പുറപ്പറ ചടങ്ങുകൾ ആരംഭിക്കും. മൂന്നു ദേവിമാരുടെയും ചൈതന്യം ആവാഹിച്ച ഗോളക ചാർത്തിയ കോലം നമസ്‌കാരമണ്ഡപത്തിൽ എഴുന്നള്ളിക്കും. തുടർന്ന് അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണസമാജം പ്രസിഡന്റ് കെ.കെ. പുഷ്‌കരൻ ആദ്യപറ നിറയ്ക്കും.

ഉച്ചയ്ക്ക് രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെണ്ണല മാതരത്ത് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. ചളിക്കവട്ടം, പൊന്നുരുന്നി, എരൂർ, വൈക്കം, തൃപ്പൂണിത്തുറ, വൈറ്റില, മരട്, കുണ്ടന്നൂർ, നെട്ടൂർ, അരൂക്കുറ്റി, വടുതല, ചെറിയകടവ്, പള്ളുരുത്തി, തെക്കുംഭാഗം, വ‌ടക്കുംഭാഗം, പെരുമാനൂർ, കലൂർ, പാലാരിവട്ടം പ്രദേശങ്ങളിൽ പറയെടുപ്പിനുശേഷം ഡിസംബർ 19ന് ക്ഷേത്രത്തിൽ തിരിച്ചെത്തും. തുടർന്നുള്ള ദിവസങ്ങളിൽ പാടിവട്ടം, ഇടപ്പള്ളി പ്രദേശങ്ങളിലും പറയെടുക്കും. 24ന് അന്നപൂർണേശ്വരി, 25ന് ഭദ്രകാളിദേവി, 26ന് ഭുവനേശ്വരിദേവി എന്നിവരുടെ താലപ്പൊലി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.