പറവൂർ: പറവൂർ - ആലുവ ദേശസാത്കൃത റൂട്ടിലെ ടൗൺ ടു ടൗൺ സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തലാക്കുന്നു. റൂട്ടിൽ എല്ലാം ഓർഡിനറി സർവീസുകളാക്കാനാണ് തീരുമാനം. വരുമാനക്കുറവാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ഇതിനെതിരെ യാത്രക്കാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പറവൂരിൽ നിന്ന് ആരംഭിക്കുന്ന ടൗൺ ടു ടൗൺ അരമണിക്കൂർ കൊണ്ട് ആലുവയിൽ എത്തും. ദൂരെ ജോലിക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് ഇത്. തുടക്കത്തിൽ രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ രാവിലെയും വൈകിട്ടും രണ്ട് സർവീസുകൾ മാത്രമാണുള്ളത്. ടൗൺ ടു ടൗൺ കൂടാതെ ലിമിറ്റഡ് സ്റ്രോപ്പ് ബസുകളും റൂട്ടിൽ സർവീസ് നടത്തിയിരുന്നു. വരുമാനക്കുറവിന്റെ പേരിൽ ഇതും നിറുത്തലാക്കി. ഓർഡിനറി ബസുകൾ പറവൂരിൽ നിന്ന് ആലുവയിലെത്താൻ 45 മിനിറ്ര് മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കും. ചിലപ്പോൾ ഒട്ടേറെ ബസുകൾ ഒരുമിച്ചെത്തുന്ന അവസ്ഥയുമുണ്ട്. ചില സമയങ്ങളിൽ ഏറെ നേരം കാത്തുനിന്നാലെ ബസ് കിട്ടൂ. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
----------------------------------------
തിരക്കുള്ള രാവിലെ സമയത്ത് ഏഴ് മിനിറ്റ് ഇടവിട്ടും അതിനുശേഷം പത്ത് മിനിറ്റ് ഇടവിട്ടും ബസുകൾ പോകുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ
--------------------------------------------------------------------------------------------------------
ടൗൺ ടു ടൗൺ ബസുകൾ നിർത്താനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കം അംഗീകരിക്കാനാകില്ല. കൊവിഡ് കാലത്തിന് ശേഷം യാത്രക്കാർ കുറവാണെന്ന കാരണത്താൽ രാവിലെയും വൈകിട്ടുമായി സർവീസുകൾ വെട്ടിക്കുറച്ചു. അതും നിറുത്താൻ ശ്രമിക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. സർവീസ് സംബന്ധിച്ച് ഒട്ടേറെപ്പേർ ഒപ്പിട്ട നിവേദനം പറവൂർ, ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ അസിസ്‌റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് കൈമാറിയിട്ടുണ്ട്. ടൗൺ ലിമിറ്റഡ് സർവീസുകൾ നിറുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വി.ഡി സതീശൻ
പ്രതിപക്ഷനേതാവ്
---------------------------------------------------------------------------------------------
യാത്രക്കാരുടെ ആവശ്യങ്ങൾ
പറവൂരിൽ നിന്ന് ആലുവയ്ക്ക് രാവിലെ എട്ട് മുതൽ പത്ത് വരെയും ആലുവയിൽ നിന്ന് പറവൂരിലേക്ക് വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ അരമണിക്കൂർ ഇടവിട്ട് സർവീസ് വേണം. രാവിലെ പറവൂരിൽ നിന്നും വൈകിട്ട് ആലുവയിൽ നിന്നും പുറപ്പെടുന്ന ടൗൺ ടു ടൗൺ ബസുകളുടെ തിരിച്ചുള്ള യാത്ര ഓർഡിനറി സർവീസാക്കാം. രാവിലെയും വൈകിട്ടും നാല് സർവീസുകളാണ് ആവശ്യം.