bypass

കൊച്ചി: നിർദ്ദിഷ്ട അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന്റെ അതിർത്തി നിശ്ചയിക്കൽ ജോലികൾ പുരോഗമിക്കവെ, ആശങ്കയിലാണ് കുടിയൊഴിപ്പിക്കപ്പെടുന്നവർ. നഷ്ടപരിഹാരം തന്നെയാണ് കാരണം. 18 വില്ലേജുകളിലായി 2000 വീടുകളും 6000 പേരുടെ ഭൂമിയും കെട്ടിടങ്ങളും ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുക്കും. ഇതിന് 1956 എൻ.എച്ച് ആക്ട പ്രകാരമേ നഷ്ടപരിഹാരം നൽകുമെന്നാണ് അറിയിപ്പ്. 2013ലെ സുപ്രീം കോടതി ഉത്തരവ് മറികടന്ന് കുടിയൊഴിപ്പിക്കാള്ള നിർദ്ദേശമാണ് ആശങ്കയ്ക്ക് വഴിതുറന്നത്.

ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് 19ന് കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കെട്ടിടം ഏറ്റെടുക്കലടക്കം തടയുമെന്നും അങ്കമാലി കുണ്ടന്നൂർ ബൈപാസ് ആക്ഷൻ കൗൺസിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. മൂത്തകുന്നം -ഇടപ്പള്ളി മേഖലകളിൽ നഷ്ടപരിഹാരം നൽകിയതുപോലെ തങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർ പറയുന്നു. സുപ്രീം കോടതി വിധിയെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

 ആയിരങ്ങൾ പങ്കെടുക്കും
19ന് കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന ധർണയിൽ 18 വില്ലേജുകളിൽ നിന്ന് 2000ലധികം പേർ ഭാഗമാകും. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. 18 വില്ലേജുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ധർണയിൽ പങ്കെടുക്കും. റോഡുകൾ, ജലസേചന കനാലുകൾ, തോടുകൾ എന്നിവയ്ക്ക് തടസങ്ങൾ വരാതെ ബൈപാസിന്റെ നിർമ്മാണം പൂർത്തിയാക്കണം.മിച്ചം വരുന്ന ഉപയോഗശൂന്യമായ ഭൂമിക്കും നഷ്ട്ടപരിഹാരം ലഭിക്കണം തുടങ്ങിയതാണ് മറ്റ് ആവശ്യങ്ങൾ.

നാടിന്റെ വികസനത്തിനോ റോഡിനോ എതിരല്ല. അർഹമായ നഷ്ടപരിഹാരത്തിന് വേണ്ടിയാണ് ധർണ സംഘടിപ്പിക്കുന്നത്
സജി കുടിയിരിപ്പ്
ജനറൽകൺവീനർ