
പറവൂർ: പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ജഡം പോസ്റ്റുമോർട്ടം നടത്താതെ മറവുചെയ്‌തു. ബുധനാഴ്ച സ്വകാര്യ ബസ് സ്‌റ്റാൻഡിൽ വച്ച് നാല് പേരെ കടിച്ച തെരുവുനായ പിന്നീട് ചത്തു. പ്രഥമദൃഷ്ടിയിൽ തന്നെ പേവിഷബാധയുണ്ടെന്ന് സംശയം തോന്നിയതിനാൽ മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തണമെന്ന് മൃഗാശുപത്രിയിലെ ഡോക്‌ടർ നിർദേശിച്ചിരുന്നു. എന്നാൽ ഇവ പരിഗണിക്കാതെ നഗരസഭാ ആരോഗ്യ വിഭാഗം നായയെ ചാക്കിലാക്കി കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന്റെ വിവരം അറിയാൻ കഴിഞ്ഞദിവസം മൃഗാശുപത്രിയിലെ ഡോക്‌ടർ മണ്ണുത്തിയിലെ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് പറവൂരിൽ നിന്ന് കൊണ്ടുപോയെന്ന് കരുതിയ ജഡം അവിടെ എത്തിയിട്ടില്ലെന്ന വിവരമറിഞ്ഞത്. ഇന്നലെ ചേർന്ന കൗൺസിലിൽ പങ്കെടുത്ത ഡോക്‌ടർ ഇക്കാര്യം വെളിപ്പെടുത്തിയതോടെ ജഡം പോസ്‌റ്റുമോർട്ടം ചെയ്യാതെ വെടിമറയിലെ മാലിന്യസംഭരണ കേന്ദ്രത്തിൽ കുഴിച്ചിട്ടെന്ന വിവരം പുറത്തുവന്നു.
വാഹനം കിട്ടിയില്ലെന്ന്
ജഡം കൊണ്ടുപോകാൻ വാഹനം കിട്ടിയില്ലെന്ന കാരണം പറഞ്ഞാണ് പോസ്‌റ്റുമോർട്ടം നടത്താതിരുന്നതെന്നും ജനങ്ങളുടെ ജീവനെ ബാധിക്കുന്ന കാര്യമായിട്ടും ഗൗരവമായി കാണാതിരുന്നത് അംഗീകരിക്കാനാകില്ലെന്നും നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. കുഴിച്ചിട്ട നായയുടെ ജഡം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തണമെന്ന് സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു.
സി.പി.എം സമരം
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണം, എ.ബി.സി പ്രോഗ്രാം ഉടൻ ആരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏരിയാ കമ്മിറ്റി അംഗം കെ.എ .വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി. ജയൻ അദ്ധ്യക്ഷനായി. ടി.വി. നിഥിൻ, സി. സജീഷ് കുമാർ, റീന അജയകുമാർ, കെ.ജെ. ഷൈൻ, എം.പി. ഏയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു.