
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയർ ലീഗിന്റെ ആറാം സീസണിൽ കിംഗ് മേക്കേഴ്‌സ് കിരീടം ചൂടി. രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ജോണി ആന്റണി ഐക്കൺ പ്ലേയറായ വിഫ്റ്റ് കേരള ഡയറക്ടേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജോൺ കൈപ്പിള്ളി ഐക്കൺ പ്ലേയറായ കിംഗ് മേക്കേഴ്‌സ് കപ്പ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ് മേക്കേഴ്‌സ് അഞ്ച് വിക്കറ്റ് ബാക്കി നിൽക്കെ 14-ാം ഓവറിൽ ലക്ഷ്യം നേടി. 31 പന്തിൽ 47 റൺസെടുത്ത നോയൽ ബെന്നാണ് വിജയശില്പി. നാല് സിക്‌സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു നോയലിന്റെ ഇന്നിംഗ്‌സ്. അർജുൻ നന്ദകുമാർ ഐക്കൺ പ്ലേയറായ കൊച്ചിൻ സൂപ്പർ കിംഗിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് കിംഗ് മേക്കേഴ്‌സ് ഫൈനലിൽ എത്തിയത്. രാവിലെ നടന്ന രണ്ടാം സെമിയിൽ ഷെയിൻ നിഗം ഐക്കൺ പ്ലേയറായ കൊറിയോഗ്രാഫേഴ്‌സിനെ തോൽപ്പിച്ചാണ് വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് ഫൈനൽ ഉറപ്പാക്കിയത്. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കും മികച്ച താരങ്ങൾക്കുമുള്ള ട്രോഫി നടൻ ബാബു ആന്റണി സമ്മാനിച്ചു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയർ ലീഗിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കേരളത്തിന്റെ കായികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലൂടൈഗേഴ്‌സ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സുഭാഷ് മാനുവൽ
ബ്ലൂടൈഗേഴ്‌സ് ഉടമ
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു