കാക്കനാട്: തപാലിൽ രാവിലെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് നിയമലംഘനത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ആർ.ടി.ഒ സസ്പെൻഡ് ചെയ്തു. കോളേജിന് മുന്നിലൂടെ മറ്റു രണ്ടു കൂട്ടുകാരെ ബൈക്കിൽകയറ്റി യാത്രചെയ്തതിനെ തുടർന്നാണ് നടപടി.
രണ്ടു ബൈക്കിൽ മൂന്നുപേർവീതം യാത്രചെയ്യുമ്പോൾ അതുവഴി പോവുകയായിരുന്ന എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. മനോജിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബൈക്ക് ഓടിച്ച വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. അതിൽ ഒരാളുടെ ഡ്രൈവിംഗ് ലൈസൻസ് രാവിലെ തപാലിൽ കിട്ടിയതേയുള്ളുവെന്നും മനസിലാക്കി. തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതി നൽകി. ബൈക്ക് ഓടിച്ചവരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 2000 രൂപവീതം പിഴയടക്കാനും ഉത്തരവിട്ടു.