
കൊച്ചി: ഇരുട്ടിന്റെ മറവിൽ കൊള്ളയ്ക്ക് ഇറങ്ങുന്ന തമിഴക തിരുട്ടുവീരന്മാർ ജില്ലയിലും എത്തിയെന്ന് സൂചന ലഭിച്ചത്തോടെ അന്വേഷണം ശക്തമാക്കി പൊലീസ്. സംഘത്തെ പിടികൂടാ
ൻ പത്തംഗ സംഘമിറങ്ങി. മുനമ്പം ഡിവൈ.എസ്.പി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് സി.ഐമാരുമുണ്ട്. ഗുണ്ടകളെ നേരിടാൻ വിദഗ്ദ്ധ പരിശീലനം നേടിയ ഇവർ തിരച്ചിൽ തുടങ്ങി.
ദേഹമാകെ കരിയും എണ്ണയും പുരട്ടി മാരകായുധങ്ങളുമായി കവർച്ചയ്ക്കിറങ്ങുന്ന സംഘമായതിനാൽ കരുതലോടെയാണ് പൊലീസിന്റെ നീക്കം. ഒറ്റപ്പെട്ട പ്രദേശങ്ങൾ, കുറ്റിക്കാടുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. മോഷണശ്രമം നടന്ന വീടുകളിൽ ആലുവ റൂറൽ എസ്.പി സന്ദർശനം നടത്തി.
കുറവാ സംഘത്തെ പൊക്കാൻ കൊച്ചി സിറ്റി പൊലീസും രംഗത്തുണ്ട്. നഗരത്തിലെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉൾപ്പെടെ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ഡി.സി.പി കെ.എസ്. സുദർശൻ പറഞ്ഞു.
മോഷണശ്രമം
6 വീടുകളിൽ
മോഷണശ്രമങ്ങളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കുറുവസംഘമെന്ന എഫ്.ഐ.ആറിൽ പരാമർശമില്ല. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കൻ പറവൂരിലെ തൂയിത്തുറയിൽ പാലത്തിന് സമീപമുള്ള ആറ് വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം ഉണ്ടായത്. സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.
ക്രൂരതയുടെ ആൾരൂപം
അരുംകൊലയ്ക്കും മടിയില്ല. മാരകആയുധങ്ങളുമായി രാത്രികാല സഞ്ചാരം. മലയാളികളുടെ പേടിസ്വപ്‌നമാണ് കുറുവ സംഘം. കമ്പം, ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങൾ താവളങ്ങളാണ്. ആദ്യം പാലക്കാട്ടാണ് സംഘം എത്തിയത്. പിന്നീട് കോഴിക്കോടും. ആലപ്പുഴയിലെ കവർച്ചകൾക്ക് പിന്നിൽ കുറുവാസംഘമെന്ന് ഉറപ്പിക്കുമ്പോഴും പറവൂരിലേത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരേസമയം 75ലേറെ പേരാണ് കവർച്ചയ്ക്ക് ഇറങ്ങുന്നത്. ലക്ഷ്യമിടുന്ന വീടിനെക്കുറിച്ച് വ്യക്തമായ ധാരണയോടെ എത്തുന്ന ഇവർ കുട്ടികളുടെ ശബ്ദത്തിൽ കരഞ്ഞും ടാപ്പുകൾ തുറന്നുവിട്ടും വീട്ടുകാരെ പുറത്തിറക്കാൻ ശ്രമിക്കുന്നു. പുറത്തിറങ്ങുന്നവരെ മാരകമായി ആക്രമിച്ച് വീടിനുള്ളിൽ കയറുന്നു. ക്രൂരന്മാരായ ഇവർ പൊലീസിന് തലവേദനയാണ്.
പറവൂരിലേത് കുറുവ സംഘമാണോയെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്
ഡോ.വൈഭവ് സക്‌സേന
ആലുവ റൂറൽ എസ്.പി