
കൊച്ചി: 'രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം ശരിയാക്കും'. അമൃത് കുടിവെള്ള പദ്ധതിക്കായി ചിറ്റൂർ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ വാട്ടർ അതോറിട്ടി നൽകിയ ഉറപ്പാണിത്. കച്ചേരിപ്പടി മുതൽ ഈയാട്ട്മുക്ക് ജംഗ്ഷൻ വരെയാണ് പൊളിച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം താറുമാറായി. ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടങ്ങൾ പതിവായതോടെയാണ് അതിവേഗം പരിഹാരം ഉണ്ടാകുമെന്നാണ് വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയത്. പക്ഷേ, മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല.
ഈയാട്ട് മുക്ക് ജംഗ്ഷൻ വരെ പൈപ്പിടുന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും അവിടെനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് വീണ്ടും കുഴികൾ എടുക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ കുഴികൾ മൂടിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ചെളിക്കുളമായി. മണലും മെറ്റലും റോഡിലേക്ക് ഇളകിത്തെറിച്ചതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായി. പ്രവൃത്തിദിവസങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക്.
അതേസമയം, കൊച്ചിൻ റിഫൈനറിയിലേക്ക് പൈപ്പിടൽ ജോലികൾക്കായി വെട്ടിപ്പൊളിച്ച ഡി.എച്ച് റോഡിലെ ഗതാഗതം സുഗമമാക്കി. വെട്ടിപ്പൊളിച്ച ഭാഗം നികത്തിയ ശേഷം ഇവിടെ ടൈൽ പാകിയാണ് ശരിയാക്കിയത്. വിവിധ ഘട്ടമായാണ് പൈപ്പിടൽ പുരോഗമിക്കുന്നത്. ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും അവിടെ ഗതാഗതയോഗ്യമാക്കിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂവെന്ന് റിഫൈനറി അധികൃതർ അറിയിച്ചു.
പഴിചാരി അധികൃതർ
പൈപ്പിടൽ ജോലികൾക്കായാണ് പൊളിച്ചതെങ്കിലും റോഡ് നിരപ്പാക്കാം എന്ന വാക്ക് തങ്ങൾ പാലിച്ചിട്ടുണ്ടെന്നും റീ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ നഗരസഭയുടെ ഉത്തരവാദിത്വമാണെന്നുമാണ് വാട്ടർ അതോറിറ്റി പറയുന്നത്.
നഗരസഭാ അധികൃതർ ഈ വിഷയത്തിൽ പ്രതികരിക്കുന്നുമില്ല. റീ ടാറിംഗിന് ഉൾപ്പെടെയുള്ള പണം നഗരസഭയിൽ അടച്ചിട്ടുണ്ടെന്നും വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നു. മുല്ലശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച മുല്ലശേരി കനാൽറോഡ്, അമ്മൻകോവിൽറോഡ് എന്നിവയുടെ നവീകരണം പൂർത്തിയാക്കുമെന്ന് നഗരസഭ പലതവണ ആവർത്തിച്ചെങ്കിലും ഇതുവരെ നടപടിയായില്ല.