മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര റോഡ് വികസനം അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി സി.പി.ഐ സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ ബാബുപോൾ രംഗത്ത്. പി.ഒ. ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം പമ്പ് കവല വരെയുളള നഗര റോഡ് വികസിപ്പിക്കാനാണ് പദ്ധതി തയാറാക്കിയത്. എന്നാൽ നിലവിൽ നഗര റോഡ് വികസനം പി.ഒ മുതൽ കച്ചേരിത്താഴം വരെ പരിമിതപ്പെടുത്തി. കോടികൾ അനുവദിക്കുകയും വൻ വില നൽകി ഭൂമി ഏറ്റെടുക്കുകയും ചെയ്ത ശേഷം ഒരു ഭാഗം വികസനത്തിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മൂവാറ്റുപുഴ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനയുടെ രക്ഷാധികാരി കൂടിയായ ബാബുപോൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്ഥലം എം.എൽ.എ മാത്യു കുഴൽനാടന്റെ പിടിപ്പുകേടാണ് വികസനം അട്ടിമറിക്കാൻ ഇടയാക്കിയത്. എല്ലാം ഉദ്യോഗസ്ഥർക്ക് വിട്ട് കൊടുത്ത അദ്ദേഹം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിറവേറ്റിയില്ല. 2009 ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച അലൈൻമെന്റിന് വിരുദ്ധമായ നിർമാണമാണ് ഇപ്പോൾ നടന്ന് വരുന്നത്. പഴയ അലൈൻമെന്റിൽ ഒരു ഘട്ടത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇത് ഒഴിവാക്കി കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി ഡി.പി.ആർ. തയാറാക്കിയത് വികസനത്തിന് തിരിച്ചടിയായതായും ബാബുപോൾ ആരോപിച്ചു. ഉദ്യോഗസ്ഥർ അശാസ്ത്രീയമായി തയാറാക്കിയ ഡി.പി.ആർ. പ്രകാരം നിർമാണം നടത്തുന്നത് ഭാവിയിൽ വെള്ളക്കെട്ടിനും മറ്റും കാരണമാകും. സർവെ നമ്പറിലും മറ്റും പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ 7 ഭൂവുടമകളുടെ ഫയലുകൾ കലക്ടറേറ്റിൽ തീർപ്പാകാതെ കിടക്കുന്നു. മറ്റൊരു ഫയൽ തിരുവനന്തപുരത്ത് കുരുങ്ങിക്കിടക്കുന്നു. ഇതൊന്നും പരിഹരിക്കാൻ എം.എൽ.എ മുൻകൈ എടുക്കുന്നില്ലെന്നും ബാബു പോൾ കുറ്റപ്പെടുത്തി.