ground
എടയപ്പുറം ടൗൺഷിപ്പ് റോഡിന് സമീപം മണ്ണിട്ട് നികത്തിയ പാടശേഖരത്തിൽ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ചിലർ സ്ഥാപിച്ച ഭീഷണി ബോർഡ്

ആലുവ: എടയപ്പുറം ടൗൺഷിപ്പ് റോഡിന് സമീപം മണ്ണിട്ട് നികത്തിയ പാടശേഖരത്തിൽ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ചിലർ സ്ഥാപിച്ച ഭീഷണി ബോർഡ് മൂന്നാഴ്ചയോളമായിട്ടും നീക്കിയില്ല. 'ഗ്രൗണ്ടിനകത്തേക്ക് വാഹനങ്ങൾ കയറ്റുന്നവരെ നിയമപരമായും കായികമായും നേരിടുന്നതാണ്' എന്ന മുന്നറിയിപ്പ് ബോർഡാണ് ചിലർ സ്ഥാപിച്ചത്. ഇരുമ്പ് ബോർഡ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുമുണ്ട്. ഇവിടെ കായിക വിനോദങ്ങൾക്കെത്തുന്ന ചിലരാണ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ കടക്കാതിരിക്കാൻ വഴിക്ക് കുറുകെ ജെ.സി.ബി ഉപയോഗിച്ച് തോടും കുഴിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ വാഹനം കടക്കാൻ കഴിയുന്ന വിധം മണ്ണിട്ട് മൂടിയിട്ടുണ്ട്. അപ്പോഴും ഭീഷണി ബോർഡ് നീക്കിയില്ല.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ് ബോർഡിലെ വാക്കുകളെന്നും ഇത് നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സ്ഥാപിച്ചവർ ഇതുവരെ വഴങ്ങിയിട്ടില്ല. ഇത്തരം വാക്കുകൾ പ്രയോഗിച്ചുള്ള മുന്നറിയിപ്പ് ബോർഡ് നാടിന് തന്നെ അപമാനമാണെന്ന് നാട്ടുകാരും പറയുന്നു. ബോർഡ് അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

കളിച്ചോട്ടെ, പക്ഷെ ഭീഷണി വേണ്ട

നാട്ടിലെ ചെറുപ്പക്കാർക്കും കുട്ടികൾക്കുമെല്ലാം കായിക വിനോദമാകാമെന്നും എന്നാൽ ഇതിന്റെ പേരിൽ നാട്ടിൽ ഭീഷണി ബോർഡ് സ്ഥാപിക്കുന്നത് നാടിനും നിയമവ്യവസ്ഥക്കും യോജിക്കുന്നതല്ലെന്ന് നാട്ടുകാർ പറഞ്ഞു. അതിനാൽ അടിയന്തരമായി നീക്കം ചെയ്യണം.

ബോർഡ് സ്ഥാപിച്ചത് വാഹന ശല്യം ഏറിയതിനാൽ

വാഹനങ്ങൾ കയറ്റി ഗ്രൗണ്ട് നാശമാക്കിയതിനാലാണ് ബോർഡ് സ്ഥാപിച്ചതെന്ന് കളിക്കാനെത്തുന്നവരിൽ ചിലർ പറയുന്നു.

പണം ചെലവഴിച്ചാണ് കളിക്കളം വൃത്തിയാക്കിയത്. ഇവിടെ ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ച് റീൽ എടുക്കാൻ വരുന്നവരാണ് പ്രധാനമായും ഗ്രൗണ്ട് നാശമാക്കുന്നത്. ബോർഡിലെ വാക്കുകൾ നിയമവ്യവസ്ഥക്ക് വിരുദ്ധമാണെങ്കിൽ നീക്കം ചെയ്യും.

തരിശായി കിടന്ന പാടശേഖരം മൂന്ന് പതിറ്റാണ്ട് മുമ്പാണ് മണ്ണിട്ട് നികത്തിയത് എറണാകുളത്തെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സീപോർട്ട് - എയർപോർട്ട് റോഡിനായി കുറ്റികൾ സ്ഥാപിച്ചത് ഇതിലൂടെയായതിനാൽ ഭൂമി പൂർണമായി വിറ്റുപോയില്ല ഇതോടെ നാട്ടുകാരും പുറത്തുനിന്നുള്ളവരും വർഷങ്ങളായി കായിക വിനോദങ്ങൾക്കും മറ്റും സ്ഥലം ഉപയോഗിച്ചു തുടങ്ങി കായിക വിനോദങ്ങൾക്ക് മാത്രമല്ല നാട്ടിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഡ്രൈവിംഗ് പരിശീലനത്തിനും

ഉപയോഗിക്കുന്നതും ഈ സ്ഥലമാണ്