കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മസേനയുടെ സേവന നിരക്കുകൾ ഉയരും. സേവന നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് അംഗീകാരം നൽകി. ഹരിതകർമസേനാംഗങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.
ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് മാലിന്യശേഖരണത്തിന്റെ നിരക്ക് നിശ്ചയിക്കാം. അത് ഭരണസമിതി യോഗം ചേർന്ന് തീരുമാനിക്കണം. പ്രതിമാസ യൂസർഫീസിൽ കുടിശിക വരുത്തുന്നവരിൽനിന്ന് വസ്തുനികുതി കുടിശിക ഈടാക്കുന്നതിന് സമാനമായ രീതിയിൽ തുക ഈടാക്കാമെന്നും സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുമപ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഉത്തരവിൽ പറയുന്നത്
1 ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തിൽ നിരക്ക് കണക്കാക്കും.
2 ഒരു കിലോയ്ക്ക് കുറഞ്ഞതുക 7 രൂപ. വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ നിരക്കിൽ മാറ്റമില്ല.
3 പഞ്ചായത്തുകളിൽ പ്രതിമാസം 50 രൂപയും നഗരസഭയിൽ 70 രൂപയും തുടരും.
4 സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവമാലിന്യത്തിനുള്ള നിരക്ക് നിലവിൽ പ്രതിമാസം 100 രൂപയാണ്.
5 ഇത് ഇനി ഒരു മാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപയും കൂടുതൽ വരുന്ന ചാക്ക് ഒന്നിന് 100 രൂപവീതം അധികമായും നൽകണം.
നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശം ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. നിലവിലെ ബൈലോ ഉൾപ്പെടെ ഭൈദഗതി ചെയ്യേണ്ടി വരും. കൗൺസിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും.
ടി.കെ. അഷ്‌റഫ്
ചെയർമാൻ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി, കൊച്ചി കോർപ്പറേഷൻ