കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവം, സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവ 19, 20, 21 തിയതികളിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി, വടവുകോട് ഗവ. എൽ.പി എന്നീ സ്‌കൂളുകളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 4ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ലോഗോ തയ്യാറാക്കിയ മരിയ ജിഫിയെ ആദരിക്കും. എഴുപത്തിനാല് സ്‌കൂളുകളിൽ നിന്നായി നാലായിരത്തി അഞ്ഞൂറിലധികം കുട്ടികൾ 293 ഇനങ്ങളിൽ ഏഴുവേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. സമാപന സമ്മേളനം വ്യാഴാഴ്ച വൈകിട്ട് 5ന് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും.