1
അപകടത്തിൽ തകർന്ന കാറും ലോറിയും

കോലഞ്ചേരി: എം.സി റോഡ് പെരുമ്പാവൂർ മുതൽ മൂവാ​റ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. ഇന്നലെ വെളുപ്പിന് മണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾ ഊരിമാറി.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അതീവ അപകട മേഖലയായ കീഴില്ലം മുതൽ മണ്ണൂർ വരെ ആഴ്ചയിൽ നാല് അപകടങ്ങൾ വരെ നടക്കുന്നുണ്ട്. മണ്ണൂരിലെ അപകടങ്ങളെ മുൻ നിർത്തി പഞ്ചായത്ത് മുൻ കൈയെടുത്ത് റോഡ് സേഫ്റ്റി മീറ്റിംഗ് നടത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളെല്ലാം ഫയലിൽ ഒതുങ്ങി.

ഈ റൂട്ടിൽ പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം. എം.സി റോഡിൽ അപകടങ്ങൾ കുറക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കാതെ വന്നതോടെ നടപ്പായില്ല. ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയായിരുന്നു. റോഡ് നിയമങ്ങൾ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചശേഷം അവരുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.

ബ്‌ളാക്ക് സ്‌പോട്ടുകൾ നിരവധി

ഒക്കൽ മുതൽ മണ്ണൂർ വരെ പത്ത് ബ്‌ളാക്ക് സ്‌പോട്ടുകൾ ഉണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഒക്കൽ, കാരിക്കോട്, വല്ലംപാലം, പൊന്മണി റൈസിന് സമീപം, പൊലീസ് ക്വാർട്ടേഴ്‌സ്, പുല്ലുവഴി പി.കെ.വി കവല, തായ്ക്കരചിറങ്ങര, കീഴില്ലം അമ്പലംപടി, കീഴില്ലം ഷാപ്പ്, കീഴില്ലം സെന്റ് തോമസ് സ്‌കൂൾ എന്നിവയാണ് ബ്‌ളാക്ക് സ്‌പോട്ടുകൾ.

അപകട കാരണങ്ങളിൽ

പ്രധാനം ഉറക്കം

വാഹനം സ്​റ്റിയറിംഗിൽ ഒരു നിയന്ത്റണവും ഇല്ലാത്ത രീതിയിൽ ട്രാക്കിൽനിന്ന് വ്യതിചലിച്ച് നീങ്ങുക, കാലിന്റെ ഭാരംകൊണ്ട് ആക്‌സിലേ​റ്റർ അമർന്നു വേഗത വലിയ രീതിയിൽ കൂടുക, ബ്രേക്ക്ചവിട്ടാതിരിക്കുക തുടങ്ങിയവ സംഭവിക്കാം. ഇന്നലത്തെ അപകടത്തിനുകാരണവും ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

വേണം മുൻകരുതൽ

ശബരിമല സീസൺ തുടങ്ങിയതോടെ അതീവശ്രദ്ധ വേണ്ട മേഖല കൂടിയാണിത്. നൂറുകണക്കിന് അന്യസംസ്ഥാന വാഹനങ്ങളടക്കം പോകുന്ന സമയമാണ്. അപകടമൊഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടകരമായ കയ​റ്റിറക്കങ്ങളും വളവുകളും അപകടങ്ങൾ ഇനിയും വിളിച്ചു വരുത്തുന്ന സ്ഥിതിയാണ്.