
കൊച്ചി: മനുഷ്യരാശിയുടെ പ്രാരംഭ കാലം മുതൽ വേദന ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നും ദേശീയ ആരോഗ്യ നയം പാലിയേറ്റീവ് കെയറിന് പ്രാധാന്യം നൽകുന്നത് അതുകൊണ്ടാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ അമൃത റീജനറേറ്റീവ് പെയിൻ മെഡിസിൻ ആൻഡ് വെൽനസ് ക്ലിനിക്കിന്റെയും സപ്പോർട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗവർണർ.
ഡോക്ടർമാരുടെ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയായ അമൃത ആനുവൽ റിവ്യൂ ഇൻ പാലിയേറ്റീവ് മെഡിസിൻ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. ആരോഗ്യ രംഗത്തെ ഗവേഷണത്തിൽ അമൃതയെ മുന്നിലെത്തിച്ചത് വിദഗ്ധരുടെ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അനഘാമൃതാനന്ദ പുരി, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.വി. ബീന, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസർ ഡോ. വെസ്‌ലി എം. ജോസ്, പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭാ നായർ എന്നിവരും സംസാരിച്ചു.