പെരുമ്പാവൂർ: പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ നടത്തി. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, ആന്റണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ബിൻസി മോഹൻ എന്നീ ജനപ്രതിനിധികളും ഊരു മൂപ്പന്മാരും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പോങ്ങൻചുവടിലേക്കുള്ള ആദ്യ യാത്രയിൽ പങ്കാളികളായി. ഉച്ചയ്ക്ക് കോതമംഗലം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിന് വടാട്ടുപാറയിൽ ജനങ്ങളും ഇടമലയാറിൽ ഇടമലയാർ യു.പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി. വൈകിട്ട് 5 മണിയോടെ താളുകണ്ടം ഊര് പിന്നിട്ട് പോങ്ങൻചുവട് ഊരിൽ ബസ് എത്തിച്ചേർന്നു. ഊരു മൂപ്പൻ ശേഖരന്റെ നേതൃത്വത്തിൽ എം.എൽ.എമാരെയും ബസിനെയും വരവേറ്റു.