കൊച്ചി: പുകയിലവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ വകുപ്പുകൾക്കൊപ്പം സന്നദ്ധ സംഘടനകളുടെ പിന്തുണകൂടിയുണ്ടെങ്കിൽ കൊച്ചിയെ ലഹരിരഹിതമാക്കാൻ കഴിയുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശൻ പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുകയിലരഹിത യുവജനങ്ങൾ എന്ന ദേശീയ കാമ്പയിന്റെ ഭാഗമായുള്ള 45 ദിന കർമ്മപരിപാടി രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയിലരഹിത വിദ്യാലയങ്ങളുടെ തലത്തിലേക്ക് ഉയർത്തി രാജ്യത്തെ ആദ്യ തദ്ദേശസ്ഥാപനമാക്കി മാറ്റാൻ ജില്ലാ ലീഗ് സർവീസസ് അതോറിറ്റി സെക്രട്ടറി ആർ.ആർ. രജിത പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പൊലീസ് സൂപ്രണ്ട് ജോസഫ് സാജു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറും പുകയില നിയന്ത്രണം ജില്ലാ നോഡൽ ഓഫീസറുമായ സവിത പുകയിലരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈറ്റൽ സ്ട്രാറ്റജി ചീഫ് എക്‌സിക്യുട്ടീവ് ഡോ. മേരി ആൻ, വാലെൻസ് ഡിസൂസ, എൽ.എം. സിംഗ്, ആഷിഷ് പാൻഡെ, അമിത് യാദവ്, അഡ്വ. ബിന്ദു ശ്രീകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഇബ്രാഹിം, ലാ കോളേജ് നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ,ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ മേഖല പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പൂത്തോട്ട എസ്.എൻ കോളേജ് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.