കൊച്ചി: അന്യസംസ്ഥാന കുറുവ കൊള്ളസംഘാംഗമെന്ന് സംശയിക്കുന്നയാൾ ഇന്നലെ എറണാകുളത്ത് പൊലീസ് ജീപ്പിൽനിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നാണ് മൂന്നുപേരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ കുടുംബസമേതം താമസിക്കുകയായിരുന്നു ഇവർ. വിലങ്ങണിയിച്ച് ജീപ്പിൽ കയറ്റിയ മൂവരെയും രക്ഷിക്കാനത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘം ജീപ്പ് വളഞ്ഞു. ഇരുകൈകളിലും വിലങ്ങിട്ട ഒരാൾ സംഘർഷത്തിനിടെ ജീപ്പിന്റെ പിൻവാതിൽതുറന്ന് തൊട്ടടുത്ത ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തിൽ ഇയാളുടെ മുണ്ട് ഉരിഞ്ഞുപോയി. ജെട്ടി മാത്രമേ ധരിച്ചിട്ടുള്ളൂ. കുണ്ടന്നൂർ ലേ മെറിഡിയൻ ഹോട്ടലിന് പിറകിലെ ചതുപ്പ് പ്രദേശത്ത് ഇയാൾ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. സിറ്റി പൊലീസ് സംഘവും തെരച്ചിലിന് എത്തിയിട്ടുണ്ട്. ഹോട്ടലിന് പിന്നിലെ കായലിൽ ബോട്ടിലും പൊലീസ് റോന്തുചുറ്റുന്നുണ്ട്. രാത്രി തന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ 12ന് മണ്ണഞ്ചേരിയിലെ രണ്ട് വീടുകളിൽ കവർച്ച നടത്തിയ കുറുവ സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്നവരെയാണ് ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.