പെരുമ്പാവൂർ: നാടിന് വേണ്ടി എന്നും മുന്നിൽ നിന്ന സദാനന്ദൻ മാഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ഇടവൂർ ഗ്രാമം. 1991ലെ സാക്ഷരതാപ്രവർത്തകനായിരുന്ന മാഷ് തന്നേക്കാൾ പ്രായം കൂടിയവരെ പഠിപ്പിക്കാനും സാക്ഷരരാക്കാനും കഴിഞ്ഞതിലുള്ള അഭിമാനം അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു. ഇടവൂരിൽ ഒരു പോസ്റ്റ് ഓഫീസ് ആരംഭിച്ചത് മാഷിന്റെ പരിശ്രമഫലമായാണ്. 1966ൽ ഇടവൂർ വായനശാല രൂപീകരിക്കാൻ മുന്നിട്ടിറങ്ങി സ്ഥാപക സെക്രട്ടറിയുമായി. വായനശാലയ്ക്ക് പുതിയ കെട്ടിടം പണിയാൻ 1971ൽ ഒരു സെന്റ് സ്ഥലം ഇദ്ദേഹം ശാഖാ പ്രസിഡന്റായിരിക്കുമ്പോഴാണ് ചേരാനല്ലൂർ ശാഖായോഗം വിട്ടു നൽകിയത്. ഇടവൂരിലെ പഴയ ആശുപത്രി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനു രൂപീകരിച്ച ജനകീയ കമ്മറ്റിയിലും മാഷ് അംഗമായിരുന്നു.