
കൊച്ചി: ദേശീയ തലത്തിലെ പ്രമുഖ സാംസ്കാരിക, സാമ്പത്തിക സംഘടനകളുടെ മാതൃകയിൽ രൂപീകരിച്ച കൊച്ചി ഇന്റർനാഷണൽ ഫൗണ്ടേഷൻ (കിഫ്) ഇന്നലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള ഇന്റർനാഷനൽ സെന്ററുകളുടെ മാതൃകയിലാണ് കൊച്ചി ഇന്റർനാഷനൽ ഫൗണ്ടേഷൻ രൂപീകരിച്ചതെന്ന് കിഫ് ചെയർമാനും മുൻ കേന്ദ്ര നഗര വികസന വകുപ്പ് സെക്രട്ടറിയും ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രൻ പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ലോകനിലവാരത്തിലുള്ള പ്രവർത്തന ആസ്ഥാനവും കോൺഫറൻസ് സൗകര്യങ്ങളും ഇവിടെ സ്ഥാപിക്കാനാണ് ലക്ഷ്യം. ബിസിനസ്, വിദ്യാഭ്യാസം, സാഹിത്യം, നിയമം, കല, ശാസ്ത്രം, പൊതുഭരണം, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലെ പ്രമുഖർ ചേർന്നാണ് ഫൗണ്ടേഷന് തുടക്കമിട്ടിരിക്കുന്നത്. റിട്ട. ജസ്റ്റിസ് സതീശ‌്ചന്ദ്രൻ, സിന്തൈറ്റ് എക്‌സി. ചെയർമാൻ ഡോ. വിജു ജേക്കബ്, മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടി.സി.എസ് കേരള തലവൻ ദിനേഷ് പി. തമ്പി, അഭിഭാഷകനായ മധു രാധാകൃഷ്ണൻ, മാദ്ധ്യമ പ്രവർത്തക മരിയ ഏബ്രഹാം തുടങ്ങിയവരാണ് മറ്റ് സ്ഥാപകാംഗങ്ങൾ.