കൊച്ചി: എറണാകുളത്ത് പൊലീസ് ജീപ്പിൽനിന്ന് ചാടി രക്ഷപ്പെട്ട അന്യസംസ്ഥാന കുറുവ കൊള്ളസംഘാംഗമെന്ന് സംശയിക്കുന്നയാളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കുണ്ടന്നൂരിലെ ചതുപ്പിൽ നിന്ന് പൊലീസ് വീണ്ടും പിടികൂടി. തമിഴ്നാട് സ്വദേശി സന്തോഷാണ് മൂന്ന് മണിക്കൂറോളം പൊലീസിനെ ചുറ്റിച്ചത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നാണ് സന്തോഷിനെയും മണികണ്ഠനെയും ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ കുടുംബസമേതം താമസിക്കുന്ന തമിഴ് സംഘങ്ങൾക്കൊപ്പമായിരുന്നു ഇരുവരും. പരിശോധനയ്ക്കിടെ ഒരു ഷെഡിൽ നിർമ്മിച്ച കുഴിയിൽ ഒളിച്ചിരിക്കുമ്പോഴാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. വിലങ്ങണിയിച്ച് ജീപ്പിൽ കയറ്റിയ ഇരുവരെയും രക്ഷിക്കാനത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘം ജീപ്പ് വളഞ്ഞു. സന്തോഷ് സംഘർഷത്തിനിടെ ജീപ്പിന്റെ പിൻവാതിൽ തുറന്ന് തൊട്ടടുത്ത ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തിൽ ഇയാളുടെ മുണ്ട് ഉരിഞ്ഞുപോയി. കുണ്ടന്നൂർ ലേ മെറിഡിയൻ ഹോട്ടലിന് പിറകിലെ ചതുപ്പ് പ്രദേശത്ത് അടിവസ്ത്രം മാത്രം ധരിച്ച ഇയാൾ കുടുങ്ങി. അമ്പതോളം പേർ വരുന്ന സിറ്റി പൊലീസ് സംഘവും തെരച്ചിലിനെത്തി. ഹോട്ടലിന് പിന്നിലെ കായലിൽ ബോട്ടിലും പൊലീസ് റോന്തുചുറ്റി. ഇതിനിടെയാണ് പൊന്തക്കാട്ടിൽ നിന്ന് ഇയാളെ പൊലീസ കണ്ടെത്തിയത്. ഇരുവരെയും രാത്രി തന്നെ മണ്ണഞ്ചേരിയിലേക്ക് കൊണ്ടുപോയി. സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇയാളുടെ ഭാര്യ ജ്യോതിയെയും അമ്മ പൊന്നമ്മയെയും പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 12ന് മണ്ണഞ്ചേരിയിലെ രണ്ട് വീടുകളിൽ കവർച്ച നടത്തിയ കുറുവ സംഘത്തിൽപ്പെട്ടവരാണ് ഇരുവരുമെന്നും കരുതുന്നു.