photo
ഞാറക്കൽ ജയ്ഹിന്ദ് മൈതാനം

വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഞാറക്കൽ ജയ് ഹിന്ദ് മൈതാനത്തിന്റെ നവീകരണത്തിന് ഇന്ന് തുടക്കമാകും. ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയാകും.

50 ലക്ഷം രൂപ കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്നുമാണ് അനുവദിച്ചത്. സ്‌പോർട്ട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.

മഡ്‌കോർട്ട് നിർമ്മാണം, നിലവിലുള്ള സ്റ്റേജിന്റെയും ചെയ്ഞ്ച് റൂമിന്റെയും നവീകരണം, യാർഡ് ലൈറ്റിംഗ് പ്രവൃത്തികൾ എന്നിവയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ക്രിക്കറ്റ് പിച്ചിന്റെ നിർമ്മാണം, ഗ്രൗണ്ടിന് ചുറ്റും ഫെൻസിംഗ് സ്ഥാപിക്കൽ, ഗ്രൗണ്ടിന്റെ മൂന്നു വർഷത്തെ പരിപാലനം എന്നിവയും നടപ്പാക്കും.

പ്ലാൻ ഫണ്ടിന്റെ ഭരണാനുമതിയിൽ ഓപ്പൺ ജിംനേഷ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കായിക, പ്രാദേശിക ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് മാസ്റ്റർ പ്ലാൻ. സിവിൽ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറക്ക് ഓപ്പൺ ജിംനേഷ്യം നിർമ്മാണം ആരംഭിക്കും കഴിയുന്നത്ര വേഗത്തിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

കെ.എൻ. ഉണ്ണിക്കൃഷ്ണൻ

എം.എൽ.എ