road
ആലുവ മാർക്കറ്റ് മേൽപ്പാലത്തിന് അടിയിൽ സമാന്തര റോഡ് കയ്യേറി കച്ചവടം നടത്തുന്നവർ

ആലുവ: ആലുവ മേൽപ്പാലത്തിന് താഴെ സമാന്തര റോഡിൽ ഗതാഗതക്കുരുക്കും അപകടക്കെണിയുമൊരുക്കി വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ നഗരസഭ ഉരുണ്ടുകളിക്കുന്നതായി ആക്ഷേപം. കൈയേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ദേശീയപത അധികൃതർ പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. വല്ലപ്പോഴും ഒഴിപ്പിക്കൽ നാടകം നടത്തുന്നതല്ലാതെ ശാശ്വത നടപടിയെടുക്കുന്നില്ല.

നഗരത്തിൽ നിന്ന് അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പാലത്തിനടിയിൽ യു ടേൺ എടുക്കുന്ന ഭാഗത്താണ് വ്യാപക കൈയേറ്റം. പഴവർഗങ്ങളും മത്സ്യകച്ചവടവുമാണ് ഏറെയും. വഴിയാത്രക്കാർ സാധനങ്ങൾ വാങ്ങാൻ വാഹനങ്ങൾ നിർത്തുന്നതോടെയാണ് ഗതാഗതക്കുരുക്ക് ഏറുന്നത്. ഇവിടെ ബസ് സ്റ്റോപ്പ് കൂടിയുള്ളതിനാൽ വൈകുന്നേരം ഗതാഗതക്കുരുക്ക് രൂക്ഷമാകും.

മേൽപ്പാലത്തിനടിയിലെ സ്ഥലം ദേശീയപാത അതോറിട്ടിയുടെ നിയമാനുസൃതമായ അനുമതിയില്ലാതെ നഗരസഭ സ്വകാര്യ വ്യക്തിക്ക് പേ ആൻ‌ഡ് പാർക്ക് നടത്താൻ കരാർ നൽകിയത് വിവാദമായിട്ടുണ്ട്. ബി.ജെ.പി നൽകിയ പരാതിയെ തുടർന്ന് മൂന്ന് വട്ടം ഒഴിപ്പിക്കാൻ നഗരസഭക്ക് എൻ.എച്ച് അധികൃതർ നോട്ടീസും നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് മാസങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല. നഗരസഭ നൽകിയ നിർദ്ദേശം കരാറുകാരനും പാലിച്ചിട്ടില്ല. മേൽപ്പാലത്തിനടിയിൽ കൊച്ചി മെട്രോ സൗന്ദര്യവത്കരിച്ച ഭാഗം കരാറുകാരൻ നവീകരിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും അതും നടന്നില്ല. മാത്രമല്ല, സ്ഥലം ലോട്ടറി കച്ചവടക്കാർക്കും തട്ടുകടക്കാർക്കും കരാറുകാരൻ മറിച്ച് നൽകുകയും ചെയ്തു.

ഇതിനിടയിൽ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും വഴിയോര കച്ചവടക്കാരുടെ സംഘടനയുണ്ടാക്കി കൈയേറ്റക്കാരെ സംരക്ഷിക്കാൻ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.