
കൊച്ചി: കപ്പൽശാലയിൽ ഉയർത്തിയ പടുകൂറ്റൻ ക്രെയിൻ ഉടൻ പ്രവർത്തനസജ്ജമാകും. 30 നില കെട്ടിടത്തിന്റെ ഉയരവും 3,973 ടൺ ഭാരവുമുള്ള 'ഗോലിയാത്ത്" എന്ന ഗാൻട്രി ക്രെയിൻ മൂന്നുമാസം മുമ്പാണ് സ്ഥാപിച്ചത്. ഒരേസമയം 600 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഗാൻട്രി ക്രെയിനിന്റെ പരീക്ഷണം വിജയിച്ചെന്ന് ഷിപ്പ്‌യാർഡ് അധികൃതർ അറിയിച്ചു.
ഗോലിയാത്ത് പൂർണസജ്ജമാകുന്നതോടെ കപ്പൽ നിർമ്മാണത്തിന് വേഗമേറും. വലിയ കപ്പൽഭാഗങ്ങൾ പൊടുന്നനെ ഘടിപ്പിക്കാൻ സഹായകമാണിത്. 1,799 കോടി രൂപ മുടക്കിൽ കപ്പൽശാലയിൽ നിർമ്മിച്ച പുതിയ ഡ്രൈഡോക്കിന്റെ ഭാഗമാണ് ഗോലിയാത്ത്. ദക്ഷിണകൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് സാംഹോ ഹെവി ഇൻഡസ്ട്രീസാണ് നിർമ്മിച്ചത്. 2023 ഒക്ടോബറിൽ കപ്പലിലാണ് ക്രെയിൻ ഭാഗങ്ങൾ കൊച്ചിയിലെത്തിച്ചത്. സ്ഥാപിച്ചത് നാലുഘട്ടങ്ങളായി. 1,500 മനുഷ്യാദ്ധ്വാന ദിനങ്ങൾ വേണ്ടിവന്നു.
63 വൈദ്യുതി മോട്ടോറുകൾ
1,500 ടൺ ഭാരമുള്ള ഇരട്ട മെയിൻ ഗർഡറും കാലുകളുമടക്കം 22 ബ്ലോക്കുകളായാണ് ക്രെയിൻ അസംബിൾ ചെയ്തത്. 73 മീറ്റർ ഉയരത്തിൽ ഭാരം എത്തിക്കാനാകും. ഉയർത്തൽ വേഗം മിനിട്ടിൽ 30 മീറ്റർ. നീങ്ങാൻ ഇരട്ട റെയിലുകളും 32 ചക്രങ്ങളും. കാലുകളിൽ 90 മീറ്റർ വരെ ഉയരുന്ന എലിവേറ്ററുകളുമുണ്ട്. 63 വൈദ്യുതി മോട്ടോറുകളാണ് ഈ ഭീമന്റെ ശക്തി. നിയന്ത്രണം കമ്പ്യൂട്ടർ സഹായത്തോടെ. നാല് മില്ലീമീറ്റർ വരെ കൃത്യതയിൽ ഭാരമിറക്കാനാകും. കപ്പൽശാലയിലെ മൂന്നാമത്തെ ഗാൻട്രി ക്രെയിനാണിത്. ആദ്യത്തേതിന് 150 ടണ്ണും രണ്ടാമത്തേതിന് 300 ടണ്ണും ഭാരമുയർത്താനാകും.
ഗോലിയാത്ത് ക്രെയിൻ
ഉയരം- 105 മീറ്റർ
വീതി- 134 മീറ്റർ
റോപ്പ്- 6,000 മീറ്റർ
ഇലക്ട്രിക് കേബിൾ- 7,000 മീറ്റർ
ഇലക്ട്രിക് ഘടകങ്ങളുടെ എണ്ണം- 40,000