milama

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്റെ പൊതുയോഗത്തെച്ചൊല്ലി കോൺഗ്രസിൽ വാക്കുതർക്കം മുറുകുന്നു. കെ.പി.സി.സി നിർദ്ദേശം അവഗണിച്ചെന്ന മുൻ ചെയർമാൻ ജോൺ തെരുവത്തിന്റെ ആരോപണം നിഷേധിച്ച് നിലവിലെ ചെയർമാൻ എം.ടി. ജയൻ കത്ത് നൽകി.

മൂന്നു തവണയിലേറെയോ 15 വർഷത്തിലേറെയോ യൂണിയൻ ഭാരവാഹിത്വം വഹിക്കുന്നത് തടയണമെന്ന സഹകരണ ഡയറക്ടറുടെ നിർദ്ദേശം ചർച്ച ചെയ്യാൻ കഴിഞ്ഞ 14ന് പെരുമ്പാവൂർ ടൗൺ ഹാളിലാണ് മേഖലാ യൂണിയൻ പ്രത്യേക പൊതുയോഗം ചേർന്നത്. നിർദ്ദേശം പൊതുയോഗം തള്ളി.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് യോഗം സമാപിച്ചത്. 510 അംഗ പ്രാഥമിക സംഘം പ്രസിഡന്റുമാർ പങ്കെടുത്തു. നിയമഭേദഗതിയെ മൂന്നുപേർ മാത്രം അനുകൂലിച്ചു. ബാക്കി പ്രസിഡന്റുമാർ എതിർത്തു. എതിർപ്പ് അംഗീകരിച്ച് ഭേദഗതി ഒഴിവാക്കി മറ്റ് ഭേദഗതികൾ അംഗീകരിച്ചു.

വിയോജിച്ച് കോൺഗ്രസുകാരും
യോഗ തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി ആറു കോൺഗ്രസ് അംഗങ്ങളും രണ്ടു എൽ.ഡി.എഫ് അംഗങ്ങളും ചേർന്ന് മാനേജിംഗ് ഡയറക്ടർക്ക് കുറപ്പ് നൽകി.

സഹകരണ സംഘങ്ങളിലെ ഭരണസമിതിയിൽ മത്സരിക്കുന്നതിന് കാലാവധി നിശ്ചയിച്ച നിയമനിർമ്മാണം റദ്ദാക്കി ഹൈക്കോടതിയുടെ വിധി ഒക്‌ടോബർ 30ന് വന്നതിനുശേഷം കെ.പി.സി.സിയിൽ നിന്ന് ചെയർമാന് നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. മുഴുവൻ കാര്യങ്ങളും വിശദീകരിച്ച് ചെയർമാൻ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്.
ജനുവരി 20ന് നടക്കേണ്ട മേഖലാ യൂണിയൻ തിരഞ്ഞെടുപ്പ് സമയബന്ധിതമായി ജനാധിപത്യ രീതിയിൽ നടത്തും. ഇതിനാവശ്യമായ നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് ഭരണമസമിതി മുന്നോട്ടുപോകുകയാണ്. ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി 19ന് മേഖലാ യൂണിയൻ ഭരണമസമിതിയോഗം ഇടപ്പള്ളി ആസ്ഥാനത്ത് ചേരുമെന്ന് ജയൻ അറിയിച്ചു.

പൊതുയോഗം അലങ്കോലപ്പെട്ടിട്ടില്ല. കോൺഗ്രസിലെ ആറും എൽ.ഡി.എഫിലെ രണ്ടും അംഗങ്ങൾ വിയോജിപ്പ് അറിയിച്ചതേയുള്ളൂ. പ്രചാരണം അടിസ്ഥാനരഹിതവും മേഖലാ യൂണിയനെ തകർക്കുന്നതിനുള്ള ശ്രമമാണ്. ഭരണസമിതിക്കെതിരെ ജനാധിപത്യ വിരുദ്ധ നടപടികൾ ക്ഷണിച്ചുവരുത്തി നേട്ടമുണ്ടാക്കനാണ് അവർ ശ്രമിക്കുന്നത്.

എം.ടി. ജയൻ

ചെയർമാൻ