പെരുമ്പാവൂർ: ഒക്കൽ പതിനാറാം വാർഡിലെ പെരുമറ്റം നമ്പിള്ളി റോഡിലെ മുട്ടിപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെആസ്തി വികസന ഫണ്ടിൽ നിന്ന് 41.29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
ഏറെ നാളുകളായി തകർന്ന് അപകടാവസ്ഥയിലായിരുന്ന മുട്ടിപ്പാലം പൊളിച്ച് പണിയണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഉയരം കൂട്ടിയാകും പുതിയ മുട്ടിപ്പാലം നിർമ്മിക്കുക. പുതിയ പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി നിലവിലെ പാലം പൂർണമായും പൊളിച്ചു നീക്കും. അതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് രണ്ടു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ബ്ലോക്ക് മെമ്പർ എം.കെ. രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് തോട്ടപ്പിള്ളി, കെ.എം. ഷിയാസ്, സി.വി. ശശി, പഞ്ചായത്ത് മെമ്പർമാരായ അമൃത സജിൻ, ലിസി ജോണി, സാബു മൂലൻ, മുൻ മെമ്പർ ടി.ജി. ബാബു എന്നിവർ സംസാരിച്ചു.