nambilly-road
കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ നമ്പിള്ളി റോഡിന്റെ കിഴക്കേ ഭാഗം മുതൽ അമ്പലം കവല വരെ ഒരു വശം കാടുകയറിയ നിലയിൽ

പെരുമ്പാവൂർ: തോട്ടുവ നമ്പിള്ളി റോഡിൽ മുട്ടുചിറയുടെ കിഴക്ക് ഭാഗത്ത് നിന്ന് തുടങ്ങി തോട്ടുവ അമ്പല കവല വരെ ഒരു വശം കാട് കയറി മൂടിയിട്ടും നടപടി സ്വീകരിക്കാതെ കൂവപ്പടി പഞ്ചായത്തും പൊതു മരാമത്ത് വകുപ്പും. റോഡ് കാടുമൂടിയതുകാരണം ചേരാനല്ലൂർ ദേവമാതാ കപ്പേളയുടെ സമീപത്ത് വാഹനാപകടങ്ങൾ പതിവാണ്. ഇവിടെ റോഡിലേക്ക് കാട് തള്ളി നിൽക്കുന്നതിനാൽ ദൂരക്കാഴ്ച ലഭിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. നിരവധി വിദ്യാലയങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അനേകം പേർ സഞ്ചരിക്കുന്ന റോഡാണിത്. ചേരാനല്ലൂർ ചർച്ച യു.പി സ്കൂൾ, തോട്ടുവ സെന്റ് ജോസഫ് സ്കൂൾ, കൂവപ്പടി ജി.വി.എച്ച്.എസ്, മലയാറ്റൂർ സെന്റ് തോമസ്, അനിത വിദ്യാലയം താന്നിപ്പുഴ എന്നിവ കൂടാതെ പെരുമ്പാവൂർ, കാലടി പ്രദേശങ്ങളിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും മറ്റിടങ്ങളിലേക്കും പോകാനുള്ള പ്രധാന റോഡാണിത്. പത്തോളം ബസ് സർവീസുകൾ ഈ റൂട്ടിലുണ്ട്. തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലെ മണ്ഡലകാലം പ്രമാണിച്ചുള്ള വിവിധ പരിപാടികൾക്കും ഉത്സവത്തിനുമായി വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്ന സമയം കൂടിയാണ് ഇപ്പോൾ. കൂടാതെ ചേരാനല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നവംബർ 21 മുതൽ ഡിസംബർ 3 വരെ തിരുനാളിനോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികളും നടക്കുന്നു. ഈ പ്രദേശത്ത് അഞ്ചോളം ട്യൂഷൻ സെന്ററുകളും ഉണ്ട്. ഇവിടെ രാത്രി 9വരെ ക്ലാസുകൾ നടക്കുന്നുണ്ട്.

തോട്ടുവ ധന്വന്തരി ക്ഷേത്ര കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് നിരവധി കാലം ആയിട്ടുള്ള ആവശ്യമാണ്. അതും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കൂടാതെ റോഡിന് ഇരുവശവും നിരവധി കൈയേറ്റങ്ങളും ഉണ്ട്. റോഡ് നവീകരണം ആരംഭിക്കുന്നതിന് മുമ്പ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയടക്കം നിരവധി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.


മണ്ഡലക്കാലമായതിനാൽ തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലേക്കും നവംബർ 21 മുതൽ ഡിസംബർ 3 വരെ തിരുനാളാഘോഷം നടക്കുന്ന ചേരാനല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിലേക്കും നിരവധി ഭക്തജനങ്ങൾ എത്തുന്നതിനാൽ മുട്ടുചിറയുടെ കിഴക്കുഭാഗത്ത് റോഡിലേക്ക് പടർന്നുനിൽക്കുന്ന കാട് ഉടൻ വെട്ടിമാറ്റണം.

പി. അനിൽകുമാർ

പ്രസിഡന്റ്

ദേവച്ചൻ പടയാട്ടിൽ

സെക്രട്ടറി

ബി.ജെ.പി

പെരുമ്പാവൂ‌ർ മണ്ഡലം