കൊച്ചി: വഖഫ് നിയമപ്രശ്നത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഇന്നലെ മുനമ്പത്ത് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പ്രതിഷേധക്കടലായി. ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ചുവരെ അണിനിരന്ന ആയിരങ്ങൾ വഖഫ് നിയമത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് പ്രതിജ്ഞചൊല്ലി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരായിരുന്നു ചങ്ങലയിൽ കണ്ണികളായവരിൽ അധികവും.

വഖഫ് നിയമം പിൻവലിക്കണമെന്നും ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം ചെറായി ഭുവനേശ്വരി ക്ഷേത്രത്തിന് മുന്നിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാല് മുതൽ അഞ്ചരവരെ തീരദേശ റോഡിൽ നാലു കിലോമീറ്ററോളം യോഗം പ്രവർത്തകർ ആവേശപൂർവ്വം കൈകൾ പിടിച്ച് മനുഷ്യച്ചങ്ങലയായി നിന്നു.

ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പിൽ തുഷാർ വെള്ളാപ്പള്ളി മനുഷ്യച്ചങ്ങലയിൽ പങ്കാളികളായവരെ അഭിവാദ്യം ചെയ്തു. മുനമ്പം വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമരപ്പന്തലും അദ്ദേഹം സന്ദർശിച്ചു. എസ്.എൻ.ഡി.പി.യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലും മനുഷ്യച്ചങ്ങലയിലും കൊച്ചി, കണയന്നൂർ, പറവൂർ, വൈപ്പിൻ, ആലുവ യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.

മുനമ്പത്തെ 104 ഏക്കറിൽ തലമുറകളായും സ്ഥലം തീറുവാങ്ങിയും താമസിക്കുന്ന 614 കുടുംബങ്ങളാണ് കുടിയിറക്കൽ ഭീഷണിയിലുളളത്. കേരള വഖഫ് ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് 2022 മുതൽ ഇവരിൽ നിന്ന് റവന്യൂ വകുപ്പ് കരം സ്വീകരിക്കുന്നില്ല. ഇതുമൂലം ബാങ്ക് വായ്പ പോലും ലഭിക്കില്ല. വിദ്യാഭ്യാസ, വിവാഹ, ചികിത്സാ ആവശ്യങ്ങൾക്കും വീട് നിർമ്മിക്കുന്നതിനും ഉൾപ്പെടെ ശ്രമിച്ചിരുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി.