വൈപ്പിൻ: പഴയ കഥകൾ അവകാശവാദങ്ങളാക്കി നിലവിലെ ഉടമകളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തടയാനുള്ള ശക്തി എസ്.എൻ.ഡി.പി യോഗത്തിനുണ്ടെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി. വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 614 കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് ശേഷം പള്ളിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം നടത്തിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ഭൂമി പ്രശ്‌നം മുനമ്പത്തെ മാത്രം വിഷയമല്ല. പലയിടത്തും ഭൂമിക്ക് അവകാശമുന്നയിച്ച് വഖഫ് ബോർഡ് രംഗത്ത് വന്നിട്ടുണ്ട്. ഈ ശ്രമങ്ങളൊന്നും വിജയിക്കില്ല. കേരളത്തിൽ ധാരാളം ക്ഷേത്രങ്ങളുടെ സ്വത്ത് മുൻകാലങ്ങളിൽ അന്യാധീനപ്പെട്ടിട്ടുണ്ട്. അവയൊക്കെ ഇപ്പോൾ തിരിച്ചു ചോദിച്ചാൽ കൊടുക്കാൻ കഴിയുമോ? ഒരു മത വിഭാഗത്തിന് മാത്രം എന്താണിത്ര പ്രത്യേകത? മുനമ്പത്ത് ഇപ്പോൾ നിരാഹാര സമരം നടത്തുന്നവർ സമാധാനപ്രിയരാകാം. പക്ഷെ ഞങ്ങൾ അത്ര സമാധാനപ്രിയരല്ല, തിരിച്ചടിക്കാൻ കെൽപ്പുള്ളവരാണ്. മുനമ്പത്ത് ആരുടെയും ഭൂമി നഷ്ടപ്പെടാൻ എസ്.എൻ.ഡി.പി യോഗം അനുവദിക്കില്ലെന്നും തുഷാർ പറഞ്ഞു.
ഇന്നലെ വൈകിട്ട് ചെറായി ബീച്ച് മുതൽ മുനമ്പം വരെ ഒരുക്കിയ നാല് കിലോമീറ്റർ നീളമുള്ള മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. കന്യാസ്ത്രീകൾ ഉൾപ്പെടെ ജാതി, മതഭേദമെന്യേ നിരവധി പ്രദേശവാസികൾസ്വമേധയാ ചങ്ങലയിൽ കണ്ണികളായി ഒരു മണിക്കൂറിലേറെ പ്രതിഷേധം പ്രകടിപ്പിച്ച് റോഡിൽ നിന്നു.
സമ്മേളനത്തിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ബി. ജോഷി, യോഗം കൗൺസിലർ പി.ടി. മന്മഥൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, മുനമ്പം ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വിവിധ യൂണിയൻ ഭാരവാഹികളായ മഹാരാജ ശിവാനന്ദൻ, എം.ഡി. അഭിലാഷ് (കണയന്നൂർ ), സി.എൻ. രാധാകൃഷ്ണൻ , ഷൈജു മനക്കപ്പടി (പറവൂർ), വി. സന്തോഷ് ബാബു, എ.എൻ. രാമചന്ദ്രൻ (ആലുവ ), പി.എ. സോമൻ, അജി നാരായണൻ (കോതമംഗലം ), ഷൈൻ കൂട്ടുങ്കൽ (കൊച്ചി), ഡി.ബാബു, വിജയൻ പടമുഗൾ, വൈപ്പിൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ തുടങ്ങിയവർ പങ്കെടുത്തു.