y

തൃപ്പൂണിത്തുറ: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച നിര്യാതനായ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ (95) ഭൗതിക ശരീരം സ്വദേശമായ തൃപ്പൂണിത്തുറ എരൂരിലെ എളമ്പ്രക്കോടത്ത് മനയുടെ വളപ്പിൽ സംസ്കരിച്ചു.

ഭൗതിക ശരീരം ഇന്നലെ രാവിലെ 7ന് വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനു ശേഷം രാവിലെ 11.15 ന് മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചു. ഉച്ചയ്‌ക്ക് 2ന് സംസ്കാരം നടത്തി. കെ. ബാബു എം.എൽ.എ, കെ.വി. തോമസ്, ശ്രീവൽസൻ ജെ. മേനോൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.

വേദം, സംഗീതം, നൃത്തകല, മൃദംഗം, കളരിപ്പയറ്റ്, നാടകം, വിവിധ ഭാഷകൾ എന്നിവയിൽ പണ്ഡിതനായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധി, ജയലളിത എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ജ്യോത്സ്യനായിരുന്നു.നിലവിൽ തലസ്ഥാനത്തെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരിദേവി ക്ഷേത്രത്തിലെ തന്ത്രിയാണ്. 100 വർഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിട്ടുണ്ട്.

ഭാര്യ: പൂഞ്ഞാർ കോവിലകത്ത് പരേതയായ ഭവാനിത്തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ്മ (കാത്തലിക് സിറിയൻ ബാങ്ക്), അജയ വർമ്മരാജ (ഏഷ്യാനെറ്റ്), രഞ്ജിനി വർമ്മ. മരുമക്കൾ: മോഹന വർമ്മ (പാലിയേക്കര കൊട്ടാരം), രസിക വർമ്മ (പൂക്കോട്ട്മഠം), ശിവപ്രസാദ് വർമ്മ (കൊടുങ്ങല്ലൂർ).