 
ആലുവ: എടയപ്പുറം ടൗൺഷിപ്പ് റോഡിന് സമീപം മണ്ണിട്ട് നികത്തിയ പാടശേഖരത്തിൽ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ചിലർ സ്ഥാപിച്ച ബോർഡിലെ ഭീഷണി വാക്കുകൾ നീക്കി. 'ഗ്രൗണ്ടിൽ വാഹനങ്ങൾ കയറ്റരുത്, എടയപ്പുറത്ത് കളിക്കാരുടെ ഭീഷണി' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബോർഡിലെ ഭീഷണി ഭാഗങ്ങൾ പെയിന്റ് അടിച്ച് മായ്ച്ചത്.
നിയമവിരുദ്ധമായ വാക്കുകൾ എഴുതി ബോർഡ് സ്ഥാപിച്ചത് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തിലാണ് വിഷയം 'കേരളകൗമുദി' ഏറ്റെടുത്തത്. വാർത്തയെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്. നവാസ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ 'ഗ്രൗണ്ടിനകത്തേക്ക് വാഹനങ്ങൾ കയറ്റുന്നവരെ നിയമപരമായും കായികമായും നേരിടുന്നതാണ്' എന്ന മുന്നറിയിപ്പ് ബോർഡിലെ ഭീഷണി വാചകം നീക്കുകയായിരുന്നു.
ഇവിടെ കായിക വിനോദങ്ങൾക്കെത്തുന്ന ചിലരാണ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ പേരിൽ ഭീഷണി ബോർഡ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നത്. ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ കടക്കാതിരിക്കാൻ വഴിക്ക് കുറുകെ ജെ.സി.ബി ഉപയോഗിച്ച് തോടും കുഴിച്ചിരുന്നെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ തോട് മണ്ണിട്ട് മൂടിയിട്ടുണ്ട്.
ഓഫ് റോഡിൽ ഓടിക്കുന്ന വാഹനം ഉപയോഗിച്ച് സ്വകാര്യ സ്ഥാപനം റീൽസ് എടുത്തതിനെ തുടർന്ന് ഗ്രൗണ്ടിനുണ്ടായ നാശമാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഭീഷണി ബോർഡിനെ അനുകൂലിക്കുന്നവരുടെ വാദം.