
കൊച്ചി: പാഴ്‌മരക്കഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിത കണ്ടെത്തി ശില്പങ്ങൾ ഒരുക്കുകയാണ് റിട്ട. കേണൽ ഡോ. ടോമി വർഗീസ് (77). കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ദ്ധനായ ടോമി ആൻഡമാൻ നിക്കോബാർ, അസാം, ഇൻഡോ ടിബറ്റൻ അതിർത്തി എന്നിവിടങ്ങളിൽ ജോലി ചെയ്തപ്പോഴാണ് വിചിത്ര രൂപമുള്ള തടിക്കഷണങ്ങൾ സമാഹരിച്ചുതുടങ്ങിയത്.
കടൽക്കരയിൽ നിന്നും മറ്റും കിട്ടുന്ന തടിക്കഷണങ്ങൾ സാൻഡ് പേപ്പറിട്ട് മിനുക്കും. പെയിന്റും പോളിഷും തൊടില്ല. ചെത്തിമിനുക്കാറുമില്ല. അതെല്ലാം പ്രകൃതി ചെയ്തിട്ടുണ്ട് എന്നാണ് ടോമി പറയുക. അങ്കമാലി സ്വദേശിയായ ഡോ. ടോമി എറണാകുളം മറൈൻ ഡ്രൈവിൽ താമസമാക്കിയിട്ട് 14 വർഷമായി. ഇവിടെയും വലിയ ഡ്രിഫ്റ്റ് വുഡ് ശേഖരമുണ്ട്. വീടിന്റെ ചുവരുകളിലുൾപ്പെടെ സ്റ്റാൻഡുകളും മറ്റും സജ്ജീകരിച്ചാണ് ഇവ സൂക്ഷിക്കുന്നത്.
ആൻഡമാനിലെ പെഡോക് മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രൂപങ്ങളാണ് ശേഖരത്തിൽ ഏറെയും.
സർപ്പം മുതൽ ക്രിസ്തു വരെ
ബൈസിക്കിൾ കിക്ക്, ഗുഹ, സർപ്പാരാധന, ക്രിസ്തു, സഹായം തേടിയുള്ള വിളി, ട്രാഫിക് പൊലീസ്, പക്ഷി, കുതിരകൾ, വിശ്വാസം, ഫ്ളവർവെയ്സ്, ക്രെയിൻ, താറാവ്, ഗുസ്തി തുടങ്ങി 550 ശില്പങ്ങൾ ടോമിയുടെ ശേഖരത്തിലുണ്ട്. 10 മുതൽ 45 സെന്റീമീറ്ററിലേറെ ഉയരമുള്ളവയാണിവ. വിവിധ സംസ്ഥാനങ്ങളിലായി 15 പ്രദർശനങ്ങൾ സംഘടിപ്പിച്ച ടോമി സ്വന്തമായി മ്യൂസിയം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്. അദ്ധ്യാപികയായിരുന്ന ഭാര്യ മേരി ടോമി, മകൾ സിന്ധ്യ സിറിയക്, സൈനികനായ മകൻ ഷിനോയ് എന്നിവർ പിന്തുണയായി ഒപ്പമുണ്ട്.