മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിറുത്തിവച്ച മീനച്ചിൽ പദ്ധതി പുനരാരംഭിക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുൻ എം.എൽ.എ ബാബുപോൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മീനച്ചിൽ പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസ് ലിമിറ്റഡുമായി സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ധാരണ പത്രം ഒപ്പിട്ടതോടെയാണ് പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ബാബു പോൾ രംഗത്തെത്തിയത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം റിസർവോയറിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം മലങ്കര ഡാമിന് മുകളിൽ അറക്കുളത്ത് മൂന്നുങ്കവയലിൽ തടയണ കെട്ടി അവിടെ നിന്നും 6.5 കിലോമീറ്റർ നീളത്തിൽ രണ്ട് മലകളെ തുരന്ന് ടണൽ നിർമ്മിച്ച് മുന്നിലവ് പഞ്ചായത്തിലെ നരിമറ്റത്ത് കടപ്പുഴ ആറിലെത്തിച്ച് അതുവഴി മീനച്ചിൽ ആറ്റിൽ എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ ആറിനെ ഊഷര ഭൂമിയാക്കി മാറ്റുന്നതും തൊടുപുഴ മുതൽ കുട്ടനാട് വരെയുള്ള കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതും കുടിവെള്ള സ്രോതസ് ഇല്ലാതാക്കുന്നതുമായ മീനച്ചിൽ പദ്ധതിയിൽ നിന്ന് ജലവിഭവ വകുപ്പും എൽ.ഡി.എഫ് സർക്കാരും പിൻമാറണമെന്നും ബാബുപോൾ ആവശ്യപ്പെട്ടു.