smasanam
പാറക്കടവ് പഞ്ചായത്തിലെ നിർദ്ദിഷ്ട പൊതുശ്മശാന നിർമ്മാണ ഭൂമി കാടുകയറിയ നിലയിൽ

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാം വാർഡിൽ വർഷങ്ങളായി പൊതുശാനത്തിന്റെ പേര് പറഞ്ഞ് ഭരണസമിതി അംഗങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ടെൻ‌ഡർ നടപടികൾ സ്വീകരിച്ച് അഡ്വാൻസ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാൽ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താത്ത കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. ശ്മശാന നിർമ്മാണം വൈകിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല അനധികൃത നിർമ്മാണങ്ങളും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതിന് രേഖാമൂലം നിർദ്ദേശം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷവും യാതൊരു നടപടികളും എടുക്കുന്നില്ല. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. അങ്കമാലി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. ശ്രീകുമാർ, ജനറൽ സെക്രട്ടറി കെ.കെ. പ്രഭാകരൻ, ടി.എ. സുബ്രൻ, അഖിൽ, മാർട്ടിൻ, സ്വാമിനാഥൻ എന്നിവർ ശ്മശാന ഭൂമി സന്ദർശിച്ചു.